ഷിംല: ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ തര്‍ക്കവും പ്രതിഷേധവും ശക്തമാകുന്നു. ഇതുവരെ സംസ്ഥാന കോണ്‍ഗ്രസില്‍ മാത്രം ഒതുങ്ങി നിന്ന തര്‍ക്കം ഒടുവില്‍ തെരുവിലേക്കും നീണ്ടിരിക്കുയാണ്. മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശ വാദം ഉന്നയിച്ച് മൂന്ന് പ്രധാനപ്പെട്ട നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭാ സിങ്ങിന്റെ അനുയായികള്‍ ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ചു. പ്രതിഭയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആവശ്യം.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള യോഗത്തിലേക്ക് നീരിക്ഷകനായി എത്തിയ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയെയാണ് തെരുവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. എംപിയായ പ്രതിഭ മത്സരിച്ചിരുന്നില്ല. പാര്‍ട്ടി അധ്യക്ഷയായ അവര്‍ മുന്‍ മുഖ്യമന്ത്രി വീരഭദ്രസിങിന് ഭാര്യയാണ്. കോണ്‍ഗ്രസിന് 40 സീറ്റാണ് സംസ്ഥാനത്ത് ലഭിച്ചത്. പ്രതിഭയെ കൂടാതെ മുഖ്യമന്ത്രി സ്ഥാനത്തിനായി ഹിമാചല്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുഖ്വീന്ദര്‍ സഖു, മുന്‍ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി എന്നിവരും രംഗത്തുണ്ട്.
നിലവില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ പ്രതിഭയ്ക്കായി സമ്മര്‍ദ്ദം ശക്തമാണ്. എംഎല്‍എമാര്‍ നേതാവിനെ തിരഞ്ഞെടുക്കുമെന്നും തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നും പ്രതിഭ പ്രതികരിച്ചു. അന്തരിച്ച വീരഭദ്രസിങ്ങിന്റെ പേരിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. അദ്ദേഹത്തിന്റെ പേരും ചിത്രവും ഉപയോഗിച്ച് ജയിച്ചതിന് ശേഷം ക്രെഡിറ്റ് മറ്റാര്‍ക്കെങ്കിലും നല്‍കാന്‍ സാധിക്കില്ലെന്ന് പ്രതിഭ പറഞ്ഞു.
Post Your Comments