KeralaLatest News

കരുവന്നൂർ ബാങ്കിന്റെ സ്വപ്നപദ്ധതിയുടെ സ്ഥലദോഷം മാറ്റാൻ പരിഹാര പൂജ: നടത്തിയവർ ബാങ്ക് തട്ടിപ്പിന് ജയിലിൽ

തൃശൂർ: കരുവന്നൂരിൽ ബാങ്കിന്റെ ശതാബ്ദി മന്ദിരം നിർമിക്കാനായി വാങ്ങിയ സ്ഥലത്തിന്റെ ദോഷപരിഹാരത്തിനായി നടത്തിയത് അരലക്ഷം രൂപയുടെ പൂജ. ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടത്തിയവരും അതിന് കൂട്ടുനിന്നവരുമാണ് പൂജ നടത്തിയത്. രഹസ്യമായിട്ടായിരുന്നു പൂജയും കര്‍മങ്ങളുമെല്ലാം. എന്നാൽ, പൂജ കഴിഞ്ഞ് അധികം വൈകാതെ ഇതിന് ചുക്കാന്‍ പിടിച്ചവരെല്ലാം തട്ടിപ്പ് കേസില്‍പ്പെട്ട് ജയിലിലുമായി.

ബാങ്കിന് ശതാബ്ദിമന്ദിരം നിര്‍മിക്കാനായി വാങ്ങിയ 30 സെന്റ് സ്ഥലത്താണ് പ്രശ്‌നങ്ങൾ ഒന്നൊഴിയാതെ വന്നത്. ആവശ്യത്തിലേറെ പണം കിട്ടിയിട്ടും മന്ദിരനിര്‍മാണം പൂര്‍ത്തിയാക്കാനാകുന്നില്ല. പൊന്നുംവിലയുള്ള സ്ഥലം കുറഞ്ഞ വിലയ്ക്കാണ് ബാങ്കിന് കിട്ടിയത്. വിലകുറച്ച് കിട്ടിയപ്പോള്‍ വില കൂട്ടിക്കാണിച്ച് ബാങ്കിന്റെ ചില സ്വന്തക്കാര്‍ 20 ലക്ഷം ആരുമറിയാതെ പോക്കറ്റിലിടുകയും ചെയ്തു. ശതാബ്ദി മന്ദിരനിര്‍മാണത്തിന് മൂന്നരക്കോടിയാണ് കടമായി സംസ്ഥാന സഹകരണബാങ്കില്‍നിന്ന് ആവശ്യപ്പെട്ടത്.

500 കോടിയുടെ നിക്ഷേപമുള്ള ബാങ്ക് നിര്‍മിക്കുന്ന ശതാബ്ദിമന്ദിരം കനപ്പെട്ടതാകണമെന്ന് നിര്‍ദേശിച്ച് സംസ്ഥാന സഹകരണബാങ്ക് ആറുകോടി അനുവദിച്ചു. ഇതിനിടെ കമ്മീഷന്‍ സംബന്ധിച്ച് ബാങ്കിലെ ചിലര്‍ തമ്മില്‍ തര്‍ക്കമായി. അതോടെ നിര്‍മാണം നിലച്ചു. നിര്‍മാണം തുടങ്ങിയെങ്കിലും നിർമാണ സാമഗ്രികൾക്ക് വില കൂടിയതിനാല്‍ കരാറുകാരന്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടു. വീണ്ടും കേരള ബാങ്കില്‍നിന്ന് രണ്ടുതവണ വായ്പയെടുത്തതോടെ കടം 13.5 കോടിയിലെത്തി. മന്ദിരത്തിന്റെ കോണ്‍ക്രീറ്റ് തൂണുകള്‍ മാത്രമാണ് ഉയര്‍ന്നത്. ഇതിനിടെ 13.5 കോടിയും ചെലവാകുകയുംചെയ്തു.

ദോഷമുള്ള സ്ഥലം ബാങ്കിന്റെ തലയില്‍ കെട്ടിവെച്ചുവെന്ന പ്രചാരണം ഇതിനിടെ ഉണ്ടായി. സത്യാവസ്ഥ അറിയാന്‍ ബാങ്കുകാര്‍ രഹസ്യമായി ജ്യോതിഷിയെ കണ്ടു. സമീപത്തുള്ള ആരാധനാ സ്ഥലത്തിന് രണ്ടുസെന്റ് വിട്ടുനല്‍കിയാല്‍ പ്രശ്‌നപരിഹാരമുണ്ടാകുമെന്നും ജ്യോതിഷി പ്രവചിച്ചു.രണ്ടുസെന്റ് വിട്ടുനല്‍കിയിട്ടും പ്രശ്‌നം അവസാനിച്ചില്ല. വീണ്ടും ജ്യോതിഷിയെക്കണ്ടപ്പോൾ അരലക്ഷത്തോളംരൂപ ചെലവുള്ള ദോഷപരിഹാര പൂജകൂടി ചെയ്യണമെന്ന് അദ്ദേഹം വിധിച്ചു. പിന്നാലെ രഹസ്യമായി പൂജ നടത്തിയെന്നും മാതൃഭൂമി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു

എന്നാൽ പൂജയ്ക്ക് ചുക്കാന്‍ പിടിച്ചവരെല്ലാം ഏറെ വൈകാതെ തട്ടിപ്പ് കേസില്‍പ്പെട്ട് ജയിലിലായി. തട്ടിപ്പ് കാരണം ബാങ്ക് തകര്‍ച്ചയിലുമായി. ശതാബ്ദിമന്ദിരത്തിന്റെ കോണ്‍ക്രീറ്റ് തൂണുകള്‍ മഴയും വെയിലുമേറ്റ് നശിക്കുന്ന അവസ്ഥയിലുമായി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button