സമൂഹമാധ്യമത്തിൽ ഇപ്പോൾ ശ്രദ്ധനേടുന്നത് രാഖി ബാജി വേദു എഴുതിയ ഒരു കുറിപ്പാണ്. ലെഗ്ഗിൻസ് ഇട്ടതിനു പ്രധാന അദ്ധ്യാപിക മോശമായി പെരുമാറി എന്ന ഒരു അധ്യാപികയുടെ പരാതിയ്ക്ക് പിന്നാലെ പോയവർ ലഹരി ഉപയോഗത്തിനെതിരെ പ്രതികരിച്ചതിന് മർദ്ദനമേറ്റ അപർണയെ കാണാതെപോയെന്നു രാഖി പറയുന്നു.
read also: മാനസിക സമ്മര്‍ദ്ദം പുരികം കൊഴിയുന്നതിന് കാരണമാകുമോ?
രാഖിയുടെ കുറിപ്പ്
അടിവസ്ത്രമിട്ട് നാലാളറിഞ്ഞ ടീച്ചറും, അടികൊണ്ട് ആരുമറിയാതെ പോയ അപർണയും
വാർത്തകൾക്ക് ഒട്ടും പഞ്ഞമില്ലാത്ത നമ്മുടെ നാട്ടിൽ കുറച്ചു ദിവസമായി അലയടിച്ചുകൊണ്ടിരിക്കുന്ന വാർത്തയാണല്ലോ ലെഗ്ഗിൻസ് വിഷയം. സർവ്വത്ര ആണുങ്ങളും പെണ്ണുങ്ങളുമൊക്കെ ലെഗ്ഗിൻസിനെ കുറിച്ച് അവർക്ക് അറിയാവുന്നതെല്ലാം ഘോരഘോരം പറയുന്നതൊക്കെ കണ്ടപ്പോൾ ആ പറഞ്ഞ സാധനം അഞ്ചാറു കളറിൽ എന്റേലുമുള്ളതുകൊണ്ടും, ടീച്ചർമാരുടെ വസ്ത്രധാരണത്തെ കുറിച്ചു പറയാൻ എനിക്കുമൊരു അനുഭവകഥ ഉള്ളതുകൊണ്ടും അന്നേ എഴുതണംന്ന് കരുതിയതാ. പക്ഷേ, പോസ്റ്റ് എന്താണെന്നോ എന്തിനെപ്പറ്റി ആണെന്നോ ഏതു സാഹചര്യം കൊണ്ടാണ് എഴുതിയത് എന്നോ നോക്കാതെ സ്വന്തം പേരിനൊപ്പം ഇനിഷ്യൽ എന്താണ് എന്ന് കൃത്യമായി അറിയാത്ത കുറെ പേര് വന്ന് ഇതേതാ ഈ തള്ള, ഇവളേതാ ഈ മലര് എന്നൊക്കെ പറഞ്ഞു കമന്റിട്ട് മെഴുകാൻ വരുന്നത് ഓർത്തപ്പോൾ എഴുത്തിനോട് തന്നെ വെറുപ്പ് തോന്നിപ്പോയി. പക്ഷേ, ഇപ്പോൾ ഇത് എഴുതേണ്ടത് ആവശ്യമാണെന്ന് തോന്നി.
ലെഗ്ഗിൻസ് പ്രശ്നവുമായി വന്ന മോഡൽ ആയ ടീച്ചറെ എല്ലാരും അറിഞ്ഞപോലെ അപർണ ഗൗരി എന്ന പെൺകുട്ടിയെ അറിയണമെന്നില്ല. അപർണ വയനാട്ടിലെ എസ് എഫ് ഐ ജില്ലാ ജോയിൻ്റ് സെക്രട്ടറിയാണ്. കാമ്പസുകളിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ പ്രതികരിക്കുകയും ശക്തമായ നിലപാടെടുക്കുകയും ചെയ്തതിന്റെ പേരിൽ മേപ്പാടി പോളിടെക്നിക് കാമ്പസിലെ മയക്കുമരുന്ന് മാഫിയാസംഘത്തിൻ്റെ ക്രൂരമായ മർദ്ദനത്തിൽ പരിക്കേറ്റ് മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ ഇപ്പോൾ ജീവനുവേണ്ടി പൊരുതുകയാണ് അപർണ.
കരണം നോക്കി ഒന്ന് പൊട്ടിച്ച കേസ് അല്ല പത്തുമുപ്പതുപേര് കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. ഈ വാർത്ത എത്ര പേരറിഞ്ഞു? ഇതിൽ നാല് പേരെ അറസ്റ്റ് ചെയ്തു, കൊലപാതകക്കുറ്റത്തിന്. ഇത് എത്ര പേരറിഞ്ഞു? കാള പെറ്റാലോ പൂവങ്കോഴി പ്രസവിച്ചാലോ വരെ ചാനൽ ചർച്ചയ്ക്ക് വരുന്ന ചാനൽ ചർച്ച തൊഴിലാളികൾ ഈ വിഷയം അറിഞ്ഞിട്ടില്ല കേട്ടോ. ആരുടെയെങ്കിലും വീട്ടിൽ അവിഹിതം നടക്കുന്നുണ്ടോന്ന് നോക്കി മൈക്കും പിടിച്ചു ക്യാമറ തോളിൽ തൂക്കി തള്ളിക്കേറി ചെല്ലുന്ന മാധ്യമ ഏമാന്മാരും (എല്ലാവരും എന്ന് അർത്ഥമില്ല ) ഈ വാർത്ത അറിഞ്ഞില്ല കേട്ടോ. അറിഞ്ഞിരുന്നെങ്കിൽ ഇവർ പൊരിച്ചേനെ ? അപർണ ഗൗരിയോടൊപ്പം എന്ന ഹാഷ് ടാഗുകൾ കൊണ്ട് ഇവിടൊക്കെ നിറഞ്ഞേനേ…
ആൺകുട്ടിയെന്നോ പെൺകുട്ടിയെന്നോ വ്യത്യാസമില്ലാതെ സ്കൂൾ കുട്ടികൾ പോലും മയക്കുമരുന്നിന് അടിമപ്പെടുന്ന ഞെട്ടുന്ന കാഴ്ചകളാണ് ഓരോ ദിവസവും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. വളർന്നു വരുന്ന കുഞ്ഞുങ്ങൾ പുറത്തേക്ക് പോയി വരുന്നതു വരെ ഭീതിയോടെ കാത്തിരിക്കുന്ന മാതാപിതാക്കൾ പിന്നാമ്പുറത്തുണ്ട്.
ആ…. പിന്നേയ് അപർണ എസ് എഫ് ഐ – ക്കാരി ആണ്… ട്ടോ.
സുഹൃത്തുക്കൾ ഓടി വന്ന് കൃത്യസമയത്തു ഹോസ്പിറ്റലിൽ എത്തിച്ചതുകൊണ്ട് അപർണയ്ക്ക് ജീവൻ തിരിച്ചു കിട്ടിയെങ്കിലും ഇപ്പോഴും മേപ്പാടി വിംസ് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഇത്തരം വാർത്തകൾ പുറംലോകത്തെ അറിയിക്കാത്തതിന് പിന്നിൽ ആരാവും… എന്തിനാവും… എന്നൊക്കെയുള്ള ചോദ്യങ്ങൾക്കുത്തരം ചിന്തിച്ചു തലപുണ്ണാക്കേണ്ടത് തന്നെ അല്ലെ ?
കഴിഞ്ഞ ദിവസം കൊച്ചിയിലെ ഏറ്റവും തിരക്കു പിടിച്ച ഒരിടത്തുള്ള ഒരു സ്പോർട്സ്
അക്കാദമിയിൽ പ്രാക്ടീസ് ചെയ്യാൻ വരുന്ന കുറച്ചു പേരെ കണ്ടു. ആൺകുട്ടികളും പെൺകുട്ടികളുമുണ്ട് ആ കൂട്ടത്തിൽ. അവരിൽ ഏതാണ്ട് ഇരുപത് വയസ് തോന്നിക്കുന്ന രണ്ടു പെൺകുട്ടികളുടെ കയ്യിൽ സിഗരറ്റ് ഉണ്ട്. വിരലുകൾക്കിടയിൽ അത് എത്ര ഭംഗിയായിട്ടാണ് പിടിച്ചിരിക്കുന്നതെന്നും, ഇടയ്ക്കിടെ ഒരു പ്രത്യേക ചലനത്താൽ ആഷ് തട്ടി കളയുന്നതും അത്ഭുതത്തോടെയാണ് ഞാൻ നോക്കിക്കണ്ടത്. ഇടക്ക് ഒരു പയ്യൻ അതുവാങ്ങി അവനും വലിക്കുന്നു. വലിയ വലിയ ഡിസ്‌കഷൻസാണ് അവർക്കിടയിൽ നടക്കുന്നത്. സിഗരറ്റ് വലിച്ചു കഴിഞ്ഞ ഉടനെ ഒരു പെൺകുട്ടി ഒരു കൈ എളിക്കു കുത്തി മറ്റേ കൈകൊണ്ട് നെഞ്ചിൽ അമർത്തി പിടിച്ചു കുനിഞ്ഞു നിന്ന് ചുമക്കുകയാണ്. മറ്റേ പെൺകുട്ടി ഏതോ ലഹരിയിൽ സിഗരറ്റ് കയ്യിൽ പിടിച്ച് ഒരു ഓളത്തിൽ അങ്ങിങ്ങു നടക്കുന്നുണ്ട്. ഇതാണ് ഇന്നിന്റെ തലമുറ.
അപർണ ഗൗരിയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കാം. ഇനിയുമിനിയും പോരാടാനുള്ള ഊർജ്ജം അപർണയ്ക്കുണ്ടാവട്ടെ.
എന്തായാലും വന്നതല്ലേ. ഇനി ലെഗ്ഗിൻസ് വിഷയത്തെ കുറിച്ചു രണ്ടു വാക്ക് കൂടി പറഞ്ഞിട്ട് പോകാം. ടീച്ചർമാർക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കാമെന്ന് നിയമമുണ്ട്. പക്ഷേ, അത് സഭ്യമായ വസ്ത്രം ആവണം എന്നുകൂടി ഉണ്ടായിരുന്നു. സ്ലിറ്റ് ഉള്ള ടോപ്പിനോടൊപ്പം ലെഗ്ഗിൻസ് ധരിച്ചാൽ താഴെ കൊടുത്തിരിക്കുന്ന ഫോട്ടോയിൽ ഉള്ളത് പോലെയാണ് അവസ്ഥ. ആ അവസ്ഥയിൽ കണ്ടാൽ പെണ്ണുങ്ങൾ പോലും അതു ധരിച്ച സ്ത്രീയെ നോക്കി പോകും.
മറ്റേതു ജോലിയെക്കാൾ ഒരുപടി ഉത്തരവാദിത്തം കൂടിയ ജോലി തന്നെയാണ് അധ്യാപനം. ഒരു തലമുറയെ വാർത്തെടുക്കുക എന്നത് നിസ്സാര ഉദ്യമമല്ലല്ലോ. ടീച്ചറുടെ വസ്ത്രധാരണം കണ്ടു കുട്ടികൾ മോശമായിപ്പോകും എന്നൊന്നുമില്ല. വസ്ത്രധാരണം ഓരോരുത്തരുടേയും സ്വാതന്ത്ര്യവുമാണ്. എങ്കിലും ഒരു അധ്യാപിക ക്ലാസ്സ് എടുക്കുമ്പോൾ അവരുടെ ഡ്രെസ്, ആഭരണങ്ങൾ എന്തിന് ചെരുപ്പ് വരെ കുട്ടികൾ നോക്കും. പ്രധാന അധ്യാപിക പറഞ്ഞതിൽ ഒരു തെറ്റും ഉണ്ടെന്ന് ചോറുണ്ണുന്നവർക്ക് തോന്നാൻ വഴിയില്ല. ടീച്ചർ ഒരു മോഡൽ കൂടി ആയതു കൊണ്ടാവാം ടീച്ചറോടൊപ്പം ഹാഷ് ടാഗുകളുടെ എണ്ണം കൂടിയത്. നമ്മള് മലയാളികൾ ഇവിടെ പ്രകടിപ്പിക്കുന്ന എന്ത് പുതു തലമുറ, എന്ത് മയക്കുമരുന്ന് എന്ന ആറ്റിട്ട്യൂഡ് മാറണമെങ്കിൽ അവനവന്റെ വീട്ടിൽ ഒരു പ്രശ്നം വരണം. അതുവരെ, സയനോരയുടെ തടിച്ച കറുത്ത കാല് കാണുന്നത് പ്രശ്നവും, നയൻതാരയുടെ മെലിഞ്ഞ വെളുത്ത കാലുകൾക്ക് ആരാധനാലയങ്ങളും വരും.
പറഞ്ഞു വരുമ്പോൾ ഒരു കാര്യം പറയാതെ വയ്യ. അത്ര വർഷങ്ങൾക്ക് മുൻപൊന്നുമല്ല. എങ്കിലും അന്ന് കുട്ടികൾക്കിടയിൽ മയക്കുമരുന്നിന്റെ ഉപയോഗമോ, സ്കൂൾ ബാഗുകളിൽ കോണ്ടവും ഗർഭനിരോധന ഗുളികകളുമായി വരുന്ന ഏർപ്പാടോ ഒന്നും ഉണ്ടായിരുന്നില്ല. അന്ന് അഞ്ചാം ക്ലാസ്സിൽ ലാസ്റ്റ് പീരീഡ് ഇംഗ്ലീഷ് ക്ലാസ്സ് ആയിരുന്നു. സ്കൂളിന്റെ സ്റ്റേജിൽ ആയിരുന്നു ആ ക്ലാസ്സ്. നല്ല മഴ ഉണ്ടായിരുന്നതുകൊണ്ട് ക്ലാസ്സ് എടുക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ നോട്ട് കൊടുക്കാമെന്ന് വിചാരിച്ചു ബോർഡിൽ എഴുത്ത് തുടങ്ങി.
പൊക്കക്കൂടുതൽ ഉള്ളതുകൊണ്ട് മാത്രം ലാസ്റ്റ് ബെഞ്ചിൽ ഇരുത്തിയിട്ടുള്ള രണ്ടു പഠിപ്പിസ്റ്റ് പയ്യന്മാരിൽ ഒരാൾ എണീറ്റു നിന്ന് “ടീച്ചറെ”… ന്ന് വിളിച്ചു. ഞാൻ നോക്കുമ്പോൾ അവൻ വാ പൊത്തി പിടിച്ചു ചിരിക്കുന്നു. എല്ലാവരും തിരിഞ്ഞിരുന്ന് അവനെയും എന്നെയും മാറിമാറി നോക്കുന്നുണ്ട്. ഞാൻ അവനോട് എന്താണെന്ന് ചോദിച്ചു. ചിരി അടക്കി പാടുപെട്ട് അവൻ പറഞ്ഞു, “ടീച്ചറെ.. ഇവൻ പറയുവാ ടീച്ചറിന്റെ ബ്രായുടെ ഫോട്ടോസ്റ്റാറ്റ് കണ്ടോ..ന്ന് “. ആകാശനീല കളറിൽ ലിനൻ തുണി കൊണ്ടുള്ള ബ്ലൗസ് ആയിരുന്നു അന്ന് സാരിക്ക് ധരിച്ചിരുന്നത്. ആ തുണിയ്ക്ക് ആരും ലൈനിങ് ഇട്ട് സ്റ്റിച്ച് ചെയ്യാറില്ല. അന്ന് അരക്കൊപ്പം ഉണ്ടായിരുന്ന മുടി പുറം നിറഞ്ഞു കിടക്കുന്നുമുണ്ട്. എന്നിട്ടും അതിനിടയിലൂടെ ഈ കണ്ടുപിടുത്തം നടത്തിയ മഹാനെ എണീപ്പിച്ചു നിർത്തി രണ്ടു ചീത്ത പറയാൻ മാത്രേ അപ്പോൾ ധൈര്യംണ്ടായുള്ളൂ. ബാക്കി വീട്ടിൽ ചെന്നു കരഞ്ഞു തീർത്ത് നീല സാരിയും ബ്ലൗസും ഉപേക്ഷിച്ചു പ്രതികരിക്കാൻ മാത്രേ അന്ന് കഴിഞ്ഞുള്ളൂ. ദേശീയഗാനത്തിന്റെ സമയത്തു തല നിവർത്തി പിടിച്ചാൽ അവന്റെ മുഖത്ത് നോക്കേണ്ട വരുമല്ലോ എന്നോർത്ത് അന്ന് ഞാൻ തല കുനിച്ചു നിന്നു.
പറഞ്ഞു വന്നത് മറ്റൊന്നുമല്ല. മദ്യവും മയക്കുമരുന്നുമൊന്നും എന്താണ് എന്ന് പോലും അറിയാത്ത ആ കുട്ടി, ടീച്ചറുടെ വസ്ത്രത്തെ ഇത്ര സൂക്ഷ്മമായി നോക്കിയിട്ടുണ്ടെങ്കിൽ ഈ പറഞ്ഞ പൊല്ലാപ്പുകൾ നിലനിൽക്കുന്ന പുതിയ തലമുറയിലെ കുഞ്ഞുങ്ങൾക്കിടയിൽ ലെഗ്ഗിൻസ് എന്ന അടിവസ്ത്രം ധരിച്ചു ചെന്നാൽ എന്താവും എന്ന് പറഞ്ഞുവെന്ന് മാത്രം. സർവ്വോപരി സ്ത്രീകൾക്ക് കട്ടികുറഞ്ഞ പാന്റിനടിയിൽ നിഴലടിക്കാതിരിക്കാൻ ഉപയോഗിക്കുന്ന അടിവസ്ത്രമാണല്ലോ ഈ ലെഗ്ഗിൻസ്. അത് പുറത്തിട്ടു നടന്നാൽ സ്പൈഡർമാൻ നീല പാന്റിന്റെ പുറത്ത് ജെട്ടി ഇട്ടപോലെ ഇരിക്കും. എന്നാൽ സ്ലിറ്റ് ഇല്ലാത്ത ടോപ്പിനൊപ്പം ലെഗ്ഗിൻസ് മാന്യമായി ഉപയോഗിക്കുകയും ചെയ്യാം.
ഇവിടെ പ്രസ്തുത ടീച്ചർ ഏതു തരം ടോപ് ആണ് ധരിച്ചത് എന്നൊന്നും അറിയില്ല എങ്കിലും ഈ വിഷയത്തിൽ പ്രധാന അദ്ധ്യാപികയോടൊപ്പമാണ് ഞാൻ. അതുപോലെ ചില വാർത്തകൾ പുറത്തു കൊണ്ടുവരാതെ അമക്കികളയുന്ന ഉത്തരവാദിത്തപ്പെട്ട മാധ്യമ ധർമ്മത്തോട് പ്രതിഷേധിക്കുകയും, അപർണ ഗൗരിയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുകയും, കൂടുതൽ ചങ്കൂറ്റത്തോടെ നല്ലതിന് വേണ്ടി പൊരുതാൻ ഊർജ്ജം ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.
#Aparna Gouri
#SFI
#Headmistress
രാഖി ബാജി വേദു ✍️
Post Your Comments