തിരുവനന്തപുരം: വിഴിഞ്ഞം സമരപന്തലിലേയ്ക്ക് സമാധാന ദൗത്യ സംഘം എത്തി. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കണമെന്ന് ദൗത്യ സംഘം ആവശ്യപ്പെട്ടു. അതേസമയം, സമാധാന ദൗത്യ സംഘത്തെ പ്രാദേശിക ജനകീയ കൂട്ടായ്മ തള്ളി. സമാധാന ശ്രമം ഏകപക്ഷീയമാണെന്ന് ആരോപിച്ച പ്രാദേശിക ജനകീയ കൂട്ടായ്മ, തങ്ങളെ ആക്രമിച്ചവരെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും വിമര്‍ശിച്ചു.
സംഘര്‍ഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വിഴിഞ്ഞം
സന്ദര്‍ശിച്ചത് . ബിഷപ്പ് ഡോ. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപന്‍ ഡോ. ഗ്രബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പാളയം ഇമാം തുടങ്ങിയവരാണ് സമാധാന ദൗത്യ സംഘത്തിലുള്ളത്. സംഘര്‍ഷത്തില്‍ പരിക്ക് പറ്റിയ മത്സ്യത്തൊഴിലാളികളെയും പൊലീസുകരെയും സംഘം സന്ദര്‍ശിച്ചു.
സമാധാനം ഉറപ്പാക്കണമെന്ന് വിഴിഞ്ഞം സമരസമിതിയും ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കാന്‍ അധികാരികള്‍ തയാറാകണമെന്നും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കണമെന്നുമാണ് സമരസമിതിയുടെ ആവശ്യം.
Post Your Comments