കോടികളുടെ വായ്പയെടുക്കാൻ പദ്ധതിയിട്ട് പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ വോഡഫോൺ-ഐഡിയ. റിപ്പോർട്ടുകൾ പ്രകാരം, 15,000 കോടി രൂപ മുതൽ 16,000 കോടി രൂപയോളം വായ്പയെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വായ്പ എടുക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ വോഡഫോൺ- ഐഡിയ ഇതിനോടകം സമീപിച്ചിട്ടുണ്ട്. വായ്പയുമായി ബന്ധപ്പെട്ട് ഒരു മാസത്തിലധികമായി കമ്പനി ചർച്ചകൾ സംഘടിപ്പിക്കുന്നുണ്ട്. നിലവിൽ, വോഡഫോൺ- ഐഡിയയിൽ സർക്കാരിന്റെ ഓഹരി പങ്കാളിത്തത്തെ കുറിച്ച് വ്യക്തത ലഭിക്കാൻ എസ്ബിഐ കാത്തിരിക്കുകയാണ്. വ്യക്തത ലഭിച്ചതിന് ശേഷം മാത്രമാണ് വായ്പയ്ക്കുളള അനുമതി നൽകുകയുള്ളൂ എന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്.
5ജി വിതരണത്തിനും മറ്റു മൂലധന ചിലവുകൾക്കുമായാണ് വോഡഫോൺ- ഐഡിയ പണം വായ്പ എടുക്കുന്നത്. 2022 സെപ്തംബറിൽ എസ്ബിഐയിൽ നിന്നും വോഡഫോൺ- ഐഡിയ ഹ്രസ്വകാല വായ്പ എടുത്തിരുന്നു. 2,700 കോടി രൂപയാണ് ഹ്രസ്വകാല വായ്പ എടുത്തത്. ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റകടം 2.2 ട്രില്യൺ രൂപയായിരുന്നു. കൂടാതെ, ഒന്നാം പാദത്തിൽ വിവിധ ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും 23,400 കോടി രൂപയുടെ കുടിശ്ശിക വോഡഫോൺ- ഐഡിയ നൽകാനുണ്ട്.
Also Read: രാജ്യത്തിന്റെ പുരോഗതി തുടരുമെന്ന് പ്രതിജ്ഞ ചെയ്യുന്നു: ദേശീയ ദിന സന്ദേശം പങ്കുവെച്ച് യുഎഇ പ്രസിഡന്റ്
Post Your Comments