
മലപ്പുറം: മന്ത്രി അബ്ദുറഹ്മാനെതിരെ വിവാദ പരാമര്‍ശം നടത്തിയ വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിന് മറുപടിയുമായി കെ.ടി.ജലീല്‍ എംഎല്‍എ. ഇല്ലാത്ത ലൗ ജിഹാദിനും നാര്‍ക്കോട്ടിക്ക് ജിഹാദിനും ശേഷം വിഴിഞ്ഞം ജിഹാദുമായി എത്തിയിരിക്കുകയാണ് പുരോഹിതരെന്ന് വിമര്‍ശിച്ചാണ് ജലീല്‍ രംഗത്ത് എത്തിയത്. ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്റെ വിവാദ പരാമര്‍ശത്തെ ഉയര്‍ത്തി കാണിച്ചു കൊണ്ട് ലൗ ജിഹാദ് ഇല്ല എന്നും ജലീല്‍ സ്ഥാപിക്കുന്നുണ്ട്.
വിഴിഞ്ഞം ജിഹാദ്, ഇല്ലാത്ത ലൗ ജിഹാദും നാര്‍ക്കോട്ടിക്ക് ജിഹാദും പറഞ്ഞ് കയറു പൊട്ടിച്ചവര്‍ പോലീസ് സ്റ്റേഷനും പോലീസ് വാഹനങ്ങളും അടിച്ചു തകര്‍ത്ത്, 35 പോലീസുകാരുടെ തല തല്ലിപ്പൊളിച്ച വിഴിഞ്ഞം ജിഹാദ് കേട്ട മട്ടേ ഇല്ല? കണ്ട മേനിയും ഇല്ല! ഒരു മുഖത്തടിച്ചാല്‍ മറ്റേ മുഖവും കാണിച്ച് കൊടുക്കണമെന്ന് ഉപദേശിച്ച, വാളെടുത്തവന്‍ വാളാലെന്ന് മൊഴിഞ്ഞ ലോകത്തിന്റെ മഹാഗുരുവിനെ നമുക്ക് സ്മരിക്കാം. നവഗുരുക്കന്മാരെ വിസ്മരിക്കുകയും ചെയ്യാംഎന്നാണ് ക്രൈ സ്തവ പുരോഹിതരെ അടക്കം വിമര്‍ശിച്ച് ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
അതേസമയം, ഇന്ത്യാ രാജ്യത്തിന്റെയും കേരളത്തിന്റെയും വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നത് ശരിയല്ല എന്നും, അത് തടസ്സപ്പെടുത്തുന്നത് രാജ്യദ്രോഹമായി കാണണമെന്നും മാത്രമാണ് താന്‍ പറഞ്ഞതെന്ന് മന്ത്രി അബ്ദുറഹ്മാന്‍ പറഞ്ഞു. അത് ഇപ്പോഴും പറയുന്നു, ഇനിയും പറയും. ആരുടെയും സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ല. നാവിന് എല്ലില്ലാതെ വിളിച്ചുപറഞ്ഞ് അതിന് വൈകിട്ട് മാപ്പ് എഴുതിയാല്‍ കേരളത്തിലെ പൊതുസമൂഹം അംഗീകരിക്കുമെങ്കില്‍ അംഗീകരിക്കട്ടെ. താന്‍ അതൊന്നും സ്വീകരിച്ചിട്ടില്ല എന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
Post Your Comments