കൊച്ചി: എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എക്കെതിരായ പീഡനപരാതിയില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. യുവതിയുടെ പരാതിയില്‍ അസ്വാഭാവികതയുണ്ടെന്നാണ് നിരീക്ഷണം. വധശ്രമ ആരോപണങ്ങളില്‍ മതിയായ തെളിവുകളില്ലെന്നും കോടതിയുടെ നീരീക്ഷണമുണ്ട്. കുന്നപ്പള്ളിക്ക് നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഈ നിരീക്ഷണങ്ങളുള്ളത്.
പെരുമ്പാവൂര്‍ എംഎല്‍എയായ എല്‍ദോസ് കുന്നപ്പള്ളി 2022 ജൂലായ് മാസത്തില്‍ തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരി പറയുന്നത്. എന്നാല്‍ ഓഗസ്ത് മാസത്തില്‍ അതേ റിസോര്‍ട്ടിലെത്തി പരസ്പരസമ്മതത്തോടെ ശാരീരികബന്ധത്തിലേര്‍പ്പെട്ടതിലാണ് കോടതി സംശയം പ്രകടിപ്പിച്ചത്. വധശ്രമ കേസിലും കോടതി നിരീക്ഷണം നടത്തിയിട്ടുണ്ട്. സാഹചര്യത്തെളിവുകളടക്കം പരിശോധിച്ചാല്‍ വധശ്രമ ആരോപണത്തില്‍ മതിയായ തെളിവുകളില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
കുന്നപ്പള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും പരാതിക്കാരിയുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. എംഎല്‍എയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. എന്നാല്‍ ഈ രണ്ട് ഹര്‍ജികളും തള്ളുകയായിരുന്നു.
Post Your Comments