KeralaLatest NewsNews

ആധുനിക സംവിധാനങ്ങളോടെ  എല്ലാ ജില്ലകളിലും കായിക അക്കാദമികൾ ആരംഭിക്കും: മന്ത്രി വി. അബ്ദുറഹ്‌മാൻ

തിരുവനന്തപുരം: മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ ഉന്നത നിലവാരത്തിലുള്ള കായിക അക്കാദമികൾ എല്ലാ ജില്ലകളിലും ആരംഭിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. അക്കാദമികൾ സ്ഥാപിക്കുന്നതിന് മുന്നോടിയായി ഈ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുള്ള ശിൽപ്പശാല കാര്യവട്ടം എൽ.എൻ.സി.പിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

മികച്ച കായിക താരങ്ങളെ കണ്ടെത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും ഉന്നത നിലവാരമുള്ള സംവിധാനങ്ങൾ ആവശ്യമാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. മികച്ച കായിക ഉപകരണങ്ങൾ, സ്വിമ്മിംഗ് പൂൾ, ജിമ്മുകൾ, ഭക്ഷണക്രമങ്ങൾ, മരുന്നുകൾ, താമസ സൗകര്യം എന്നിവ അക്കാദമിയുടെ ഭാഗമായി ഒരുക്കും. 1400 കോടിയോളം രൂപ കായിക രംഗത്തിന്റെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ ബഡ്ജറ്റ്, കിഫ്ബി വിഹിതമായി വകയിരുത്തിയിട്ടുണ്ട്. ഇതോടൊപ്പം പ്രീ പ്രൈമറി മുതൽ കായിക വിദ്യാഭ്യാസം സിലബസിൽ ഉൾപ്പെടുത്തിയതിന്റെ ഭാഗമായുള്ള പുസ്തകങ്ങൾ അടുത്ത അധ്യനവർഷം മുതൽ സ്‌കൂളുകളിൽ ലഭ്യമാകും.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കായിക കോഴ്‌സുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് സർവകലാശാലയുമായി സഹകരിച്ച് കായിക അക്കാദമിയും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സ് ആൻഡ് റിസർച്ച് സെന്ററും ആരംഭിച്ചു. കേരളത്തിന്റെ കായിക രംഗം 40,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമുള്ള മേഖലയാണെന്ന വസ്തുത മനസിലാക്കണം.  ഇതനുസരിച്ചുള്ള തൊഴിൽ മേഖല തുറന്നു നൽകുകയെന്ന സങ്കൽപ്പത്തോടെയാണ്  കായിക അക്കാദമികൾക്ക് തുടക്കമാകുന്നത്. വർഷങ്ങളായി കായികമേഖലയ്ക്കു വേണ്ടി ജീവിതം സമർപ്പിക്കുന്നവർക്ക് ഇത് ആശ്വാസമായിരിക്കും.

നിലവിലുള്ള കളിക്കങ്ങളെ 24 മണിക്കൂറും ഉപയോഗിക്കാനും കായിക രംഗത്തെ നൂതനമായ ആശയങ്ങൾ സ്റ്റാർട്ട് അപ്പ് അടക്കമുള്ള സംരഭങ്ങളിലേക്ക് നയിക്കാനും കഴിയണം. കായിക താരങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിലുൾപ്പെടെ സുതാര്യമായ ഓൺലൈൻ പരിശോധന സംവിധാനങ്ങൾ നടപ്പാകും. ഇതുമായി ബന്ധപ്പെട്ട ഉത്തരവുകൾ പി.എസ്.സിക്കുൾപ്പെടെ സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. ഗുണനിലവാരമുള്ളതും സുതാര്യമായതുമയ തെരഞ്ഞെടുപ്പ്, പരിശീലന സംവിധാനം എന്നിവ കായിക അക്കാദമികളിൽ സർക്കാർ ഉറപ്പു വരുത്തും. നിലവിലെ കേരളത്തിന്റെ കായിക രംഗത്തെ പ്രകടനങ്ങളിലെ ദൗർബല്യങ്ങൾ വിലയിരുത്തി മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ ശിൽപ്പശാലയിലുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സികുട്ടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഒ.കെ. ബിനീഷ് സ്വാഗതം ആശംസിച്ചു. ടി.പി. ദാസൻ, എസ്. രാജീവ്, ചന്ദ്രലാൽ, ബീന മോൾ, ജി. കിഷോർ, പത്മിനി തോമസ്, തോമസ് മാഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button