KeralaLatest News

എഫ്ബി പ്രണയം വിവാഹ വാഗ്ദാനത്തിലൂടെ പീഡനത്തിലെത്തി: ഒടുവിൽ മതം മാറണമെന്ന് ആവശ്യം, നിരസിച്ചപ്പോൾ സുഹൃത്തും പീഡിപ്പിച്ചു

കോഴിക്കോട്: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട കന്യാകുമാരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി. കോഴിക്കോട് കൊളത്തറ ചെറുവണ്ണൂർ കോട്ടാലട എ കെ നിഹാദ് ഷാൻ (24), കൂട്ടുകാരൻ മലപ്പുറം വാഴയൂർ മാങ്ങോട്ട് പുറത്ത് മുഹമ്മദ് ജുനൈദ് (26) എന്നിവരാണ് കോഴിക്കോട് നടക്കാവ് പൊലീസ് പിടികൂടിയത്. പൊലീസിന്‍റെ അന്വേഷണം വഴിതെറ്റിക്കാനായി ഏതാണ്ട് 12 ഓളം സിമ്മുകള്‍ മാറിമാറി ഉപയോഗിച്ച നിഹാദിനെ ഒടുവില്‍ കോഴിക്കോട് ഗോതിശ്വരത്ത് തനിച്ച് താമസിക്കുന്ന ആളെ ശുശ്രൂഷിക്കാനെന്ന വ്യാജേന ഒളിവിൽ കഴിയവെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിലെ രണ്ടാം പ്രതി ജുനൈദിനെ ഞായറാഴ്ച മലപ്പുറത്ത് നിന്നും ഒന്നാം പ്രതി നിഹാദിനെ ചൊവ്വാഴ്ച കോഴിക്കോട്ട് നിന്നും പൊലീസ് പിടികൂടിയിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ഇടങ്ങളിൽ കൊണ്ട് പോയി ഇവര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. സാമൂഹികമാധ്യമംവഴി പരിചയപ്പെട്ട ശേഷം യുവതിയും നിഹാദ് ഷാനും തമ്മിൽ പ്രണയത്തിലായിരുന്നു. തുടര്‍ന്ന് വിവാഹ ആവശ്യം മുന്നോട്ട് വെച്ച യുവതിയോട് നിഹാദ് ഷാൻ മതം മാറണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി അതിന് വിസമ്മതിച്ചു. ഇതോടെ നിഹാദ് ബന്ധം ഒഴിയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി വീണ്ടും ബന്ധപ്പെട്ടപ്പോള്‍ നിഹാദ്, തനിയ്ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റേന്നും ഓർമ്മ നഷ്ടപ്പെട്ട് പഴയ കാര്യങ്ങൾ എല്ലാം മറന്ന് പോയെന്നും യുവതിയെ തെറ്റിദ്ധരിപ്പിച്ചു.

ഇത് സ്ഥിരീകരിക്കാൻ നിഹാദിന്‍റെ സുഹൃത്തുക്കളെ യുവതി വീണ്ടും വിളിച്ചപ്പോഴും നിഹാദിന് ഓർമ്മ നഷ്ടപ്പെട്ടെന്ന് സുഹൃത്തുക്കളും സ്ഥിരീകരിച്ചു. തുടര്‍ന്ന് നിഹാദ് പെരുന്തല്‍മണ്ണ ആശുപത്രിയിലാണെന്നും അവിടേയ്ക്ക് വരാനും ഇവര്‍ യുവതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പെരുന്തല്‍മണ്ണയിലെത്തിയ യുവതിയെ മുഹമ്മദ് ജുനൈദ് കോയമ്പത്തൂരേക്ക് കൊണ്ടുപോയി. എന്നാല്‍, തമിഴ് ബോര്‍ഡുകള്‍ കണ്ട് സംശയം തോന്നിയ മലയാളം അറിയാത്ത യുവതി ബഹളം വച്ചു. ഇതേ തുടര്‍ന്ന് ജുനൈദ് വാഹനം കോഴിക്കോട്ടേക്ക് വിട്ടു. അന്ന് രാത്രി കോഴിക്കോട് കാക്കഞ്ചേരിയില്‍ ഹോട്ടലില്‍ മുറിയെടുക്കുകയും അവിടെ വച്ച് യുവതിയെ പീഡിപ്പിക്കാന്‍ ജുനൈദ് ശ്രമിക്കുകയും ചെയ്തു.

ഒടുവില്‍ നിഹാദിന് അപകടം പറ്റിയിട്ടില്ലെന്നും നിഹാദും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ കുടുക്കുകയായിരുന്നന്നും മനസിലാക്കിയ യുവതി കഴിഞ്ഞ ഒക്ടോബര്‍ 29 ന് പൊലീസില്‍ പരാതി നല്‍കി. തുടർന്ന്, നടക്കാവ് ഇൻസ്പെക്റ്റർ പി കെ ജിജീഷിന്‍റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ എസ്.ബി. കൈലാസ് നാഥ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ് കുമാര്‍., എം. സജീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി.എം. ലെനീഷ്, ബബിത്ത് കുറുമണ്ണില്‍, ശാലിനി ചെറിയ അരീക്കര എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button