തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരെ സമരക്കാര്‍ ആക്രമണം അഴിച്ചുവിടുകയും, പോലീസ് സ്റ്റേഷന്‍ വളഞ്ഞിട്ട് ആക്രമിക്കുകയും കലാപശ്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് സ്റ്റേഷന്‍ ആക്രമണം പക്വതയോടെ കൈകാര്യം ചെയ്ത പോലീസിനെ അഭിനന്ദിക്കുന്നതായി ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പറഞ്ഞു.
‘വ്യക്തമായ ഗൂഢോദ്ദേശത്തോടെ നാടിന്റെ സൈ്വര്യം തകര്‍ക്കാനായിരുന്നു പ്രതിഷേധക്കാരുടെ ശ്രമം. പോലീസിന് നേരെ ആക്രമണം നടന്നു. പോലീസിന് നേരെ ഭീഷണി വന്നതിന് പിന്നാലെയാണ് ആക്രമണം നടന്നത്. എന്താണ് പ്രതീക്ഷിക്കുന്നതെന്ന് വിവേകത്തോടെ പോലീസ് തിരിച്ചറിഞ്ഞു. പോലീസ് സേനയുടെ സംയമനമാണ് അക്രമികള്‍ ഉദ്ദേശിച്ച തരത്തില്‍ കാര്യങ്ങള്‍ മാറാത്തതിന് കാരണം. പോലീസ് സേനയെ അഭിനന്ദിക്കുന്നു’, മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് സ്റ്റേഷന് നേരെ നടന്ന ആക്രമണത്തില്‍ 40 ഓളം ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. പോലീസ് വാഹനങ്ങളും സമരക്കാര്‍ മറിച്ചിട്ടിരുന്നു. ഇതിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്താനായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ തീവ്രവാദ സാന്നിധ്യം പരിശോധിക്കുമെന്ന് ഡിജിപി അറിയിച്ചു. സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കും. കേസുകളില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments