അടിമാലി: പൊലീസ് സംരക്ഷണയിൽ മാതാപിതാക്കളെ കാണാൻ വീട്ടിലെത്തിച്ച കൊലപാതക കേസ് പ്രതി ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. രാജാക്കാട് പൊൻമുടി കളപ്പുരയിൽ ജോമോൻ ആണ് രക്ഷപ്പെട്ടത്.
2015 -ൽ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതക കേസിലെ ഒന്നാം പ്രതിയാണ് ജോമോൻ. കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ ജോമോൻ കഴിഞ്ഞ ദിവസം പരോളിന് അനുമതി തേടി. എന്നാൽ, കോടതി പരോൾ അനുമതി നിഷേധിച്ചു. തുടർന്ന്, പ്രായമായ മാതാപിതാക്കളെ കാണണമെന്ന അപേക്ഷ പരിഗണിച്ച കോടതി പൊലീസ് സംരക്ഷണയിൽ രണ്ട് ദിവസത്തെ താൽക്കാലിക പരോൾ അനുവദിച്ചു.
ഇതിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിലെ രണ്ട് ഉദ്യോഗസ്ഥരുടെ സംരക്ഷണയിൽ ബുധനാഴ്ച വൈകീട്ട് ജോമോനെ പൊൻമുടിയിലെ വീട്ടിലെത്തിച്ചു. വിലങ്ങഴിച്ച ശേഷം പ്രതി പൊലീസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
തുടർന്ന്, മൂന്നാർ ഡിവൈ.എസ്.പി കെ.ആർ. മനോജിന്റെ നേതൃത്വത്തിൽ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പൊൻമുടിയിലെ ഇയാളുടെ വീടിന് സമീപവും വന മേഖലയിലും രാത്രിയിലും പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. പൊൻമുടി ജലാശയത്തിന്റെ ഇരു കരകളിലും പൊലീസ് ക്യാംപ് ചെയ്യുകയാണ്.
Post Your Comments