കോട്ടയം: നഗരത്തിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയ കോളജ് വിദ്യാർത്ഥിനിക്കും സുഹൃത്തിനും നേരെ ആക്രമണം നടത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കോട്ടയം വേളൂർ പ്രീമിയർ ഭാഗത്ത് വേളൂത്തറ മുഹമ്മദ് അസ്ലം (29), വേളൂർ മാണിക്കുന്നം തൗഫീഖ് മഹല്ല് അനസ് അഷ്കർ (22), കുമ്മനം പൊന്മല ഭാഗത്ത് ക്രസന്റ് വില്ലയിൽ ഷബീർ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഭാരത് ആശുപത്രി പരിസരത്തെ തട്ടുകടയിൽ തിങ്കളാഴ്ച രാത്രി 11ഓടെയാണ് സംഭവം. ഭക്ഷണം കഴിക്കാൻ എത്തിയ വിദ്യാർത്ഥിനിയെയും സുഹൃത്തിനെയുമാണ് ഇവർ ആക്രമിച്ചത്. പെൺകുട്ടിയോട് ഇവർ ലൈംഗിക ചുവയോടെ സംസാരിക്കുകയായിരുന്നു. ഇത് യുവതിയും സുഹൃത്തും ചോദ്യം ചെയ്തിരുന്നു. തുടർന്ന്, ഭക്ഷണം കഴിച്ച് കടയിൽ നിന്നിറങ്ങിയ ഇരുവരെയും ഇവർ കാറിൽ പിന്തുടർന്ന് കോട്ടയം സെൻട്രൽ ജങ്ഷൻ ഭാഗത്തുവെച്ച് വാഹനം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളിലൊരാളായ അസ്ലമിനെതിരെ കുമരകം സ്റ്റേഷനിൽ അടിപിടിക്കേസ് നിലവിലുണ്ട്. പരിക്കേറ്റ വിദ്യാർത്ഥിനിയും സുഹൃത്തും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ ആർ. പ്രശാന്ത് കുമാർ, എസ്.ഐമാരായ ടി. ശ്രീജിത്, സജികുമാർ, എ.എസ്.ഐ കെ.ടി. രമേശ്, സി.പി.ഒമാരായ ശ്രീജിത്, ഷൈന്‍തമ്പി എന്നിവര്‍ ഉള്‍പ്പെട്ട സംഘം ആണ് കേസിൽ അന്വേഷണം നടത്തുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments