പട്ന: ലക്ഷങ്ങള്‍ വില വരുന്ന മൊബൈല്‍ ടവര്‍ മോഷ്ടിച്ച് കവര്‍ച്ചാ സംഘം. ബിഹാറിലെ പട്നയ്ക്കടുത്തുള്ള യാര്‍പൂര്‍ രജപുത്താനയിലാണ് കവര്‍ച്ചാ സംഘം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ടവര്‍ മോഷ്ടിച്ചുകൊണ്ടു പോയത്. കുറച്ചുനാളായി മൊബൈല്‍ ടവര്‍ പ്രവര്‍ത്തിക്കാത്തതായി പരാതികള്‍ വന്നപ്പോള്‍ മൊബൈല്‍ കമ്പനി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി സ്ഥലത്തെത്തുകയായിരുന്നു. അപ്പോഴാണ് മൊബൈല്‍ ടവര്‍ കാണാനില്ലെന്ന വിവരം അറിഞ്ഞത്.
ഉദ്യോഗസ്ഥര്‍ സ്ഥലമുടമയോട് അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ദിവസങ്ങൾക്ക് മുമ്പ് മൊബൈല്‍ ടവര്‍ ഉദ്യോഗസ്ഥര്‍ എന്ന് സ്വയം പരിചയപ്പെടുത്തി രണ്ടു മൂന്ന് പേര്‍ സ്ഥലത്തെത്തി. അവര്‍ സ്ഥലമുടമയെ കണ്ട് മൊബൈല്‍ ടവറിന്റെ കരാര്‍ തങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും അടുത്ത ദിവസം തന്നെ തങ്ങളുടെ ജീവനക്കാര്‍ വന്ന് ടവര്‍ അഴിച്ചു മാറ്റുമെന്നും അറിയിച്ചു.
ജാക്ക് റസ്സൽ ടെറിയർ: നായ്ക്കളിലെ ഇത്തിരി കുഞ്ഞന്മാർ കേരള പോലീസിന്റെ K9 സ്‌ക്വാഡിലേക്ക്
തുടർന്ന്, അടുത്ത ദിവസം തന്നെ കുറച്ചുപേർ സ്ഥലത്തെത്തി. രണ്ടു ദിവസം കൊണ്ട് മൊബൈല്‍ ടവര്‍ ഓരോ ഭാഗങ്ങളായി അഴിച്ചു മാറ്റി. അതിനുശേഷം, ആ സാധനങ്ങളെല്ലാം ഒരു ട്രക്കില്‍ കയറ്റി കൊണ്ടുപോയി. വന്നത് മൊബൈൽ കമ്പനി ഉദ്യോഗസ്ഥര്‍ ആണെന്നു കരുതിയതിനാല്‍ ഇക്കാര്യം മറ്റാരോടും പറഞ്ഞില്ല എന്നും സ്ഥലമുടമ വ്യക്തമാക്കി.
16 വര്‍ഷം മുമ്പാണ് ഈ മൊബൈല്‍ ടവര്‍ സ്ഥാപിച്ചതെന്നും സ്ഥലമുടമയ്ക്ക് ഇതിനായുള്ള വാടക എല്ലാ മാസവും നല്‍കിവരുന്നുണ്ടെന്നും കമ്പനി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 19 ലക്ഷം രൂപ വിലയുള്ള ടവര്‍ തങ്ങള്‍ അറിയാതെയാണ്, മറ്റാരോ വന്ന് മോഷ്ടിച്ചതെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേർത്തു.
മൊബൈല്‍ കമ്പനി ഉടമകള്‍ ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍, കവര്‍ച്ചാ സംഘത്തെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
Post Your Comments