രാജ്യം 5ജി കണക്ടിവിറ്റിയിലേക്ക് കുതിച്ചെങ്കിലും, ഇപ്പോഴും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മൊബൈൽ ഫോണിൽ ആവശ്യത്തിന് റേഞ്ച് ഇല്ലാത്തത്. ചില പ്രദേശങ്ങളിൽ ഈ പ്രതിസന്ധി രൂക്ഷമാണ്. എന്നാൽ, ഈ പ്രശ്നത്തിന് ഉടൻ പരിഹാരം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് ടെലികോം കമ്പനികൾ നൽകുന്ന സൂചന. മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി അടുത്തിടെ പുറപ്പെടുവിച്ച വിധിയാണ് ടെലികോം കമ്പനികൾക്ക് തിരിച്ചടിയായിരിക്കുന്നത്.
പുതിയ മൊബൈൽ ടവറുകൾക്ക് പെർമിറ്റ് ഫീസ് ഈടാക്കാൻ സംസ്ഥാന സർക്കാറുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇത് വലിയ രീതിയിൽ സാമ്പത്തികഭാരം ഉണ്ടായേക്കാൻ കാരണമാകുമെന്നാണ് ടെലികോം കമ്പനികളുടെ വാദം. ഇതോടെ, പുതിയ ടവറുകൾ സ്ഥാപിക്കുന്നതിൽ നിന്ന് മൊബൈൽ സേവന ദാതാക്കൾ പിൻവലയുകയാണ്. പുതിയ ടവറുകൾ സ്ഥാപിക്കാതിരിക്കുന്നതോടെ, മൊബൈൽ ഫോൺ ഉപയോഗ സാന്ദ്രത ഏറെയുള്ള കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ റേഞ്ചിനെ കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ട്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ ടവറുകൾ സ്ഥാപിക്കാനുള്ള നീക്കത്തിലായിരുന്നു ബിഎസ്എൻഎൽ, എയർടെൽ, വോഡഫോൺ-ഐഡിയ, ജിയോ തുടങ്ങിയ ടെലികോം സേവന ദാതാക്കൾ. എന്നാൽ, സുപ്രീംകോടതിയുടെ പുതിയ വിധി അനുസരിച്ച് ഈ നീക്കം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അതേസമയം, കമ്പനികളിൽ നിന്ന് പെർമിറ്റ് ഫീസ് ഈടാക്കുന്നതിനെക്കുറിച്ച് കേരള സർക്കാർ ഇനിയും ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.
Post Your Comments