ചണ്ഡീഗഢ്: ഹരിയാന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്ത്. 22 സീറ്റ് ബിജെപി നേടി. 15 സീറ്റുകളുമായി ആം ആദ്മി പാര്‍ട്ടിയാണ് രണ്ടാം സ്ഥാനത്ത്. തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകള്‍ നവംബര്‍ 30ന് മുമ്ബ് ഹരിയാന സംസ്ഥാന സര്‍ക്കാര്‍ ഗസറ്റില്‍ കൃത്യമായി രേഖപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
143 പഞ്ചായത്തിലേയ്ക്കും 22 ജില്ലാ പരിഷത്തുകളിലേയ്ക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. അംബാല, യമുനാനഗര്‍, ഗുരുഗ്രാം എന്നിവയുള്‍പ്പെടെ ഏഴ് ജില്ലകളിലായി മത്സരിച്ച 102 സീറ്റുകളില്‍ 22ലും ഭരണകക്ഷിയായ ബിജെപി വിജയിച്ചെങ്കിലും പത്ത് സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെട്ടു. സിര്‍സ, അംബാല, യമുനാനഗര്‍, ജിന്ദ് എന്നിവയുള്‍പ്പെടെയുള്ള 15 ജില്ലാ പരിഷത്ത് സീറ്റുകളില്‍ ആം ആദ്മി വിജയം നേടി. നൂറോളം സീറ്റുകളില്‍ എഎപി മത്സരിച്ചിരുന്നു.
ജില്ലാ പരിഷത്തിന്റെ 72 സീറ്റുകളില്‍ മത്സരിച്ച ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ 14 സീറ്റുകളില്‍ വിജയം രേഖപ്പെടുത്തി. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നത്തില്‍ കോണ്‍ഗ്രസ് മത്സരിച്ചിരുന്നില്ല. തിരഞ്ഞെടുപ്പില്‍ നിരവധി സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയായി.
Post Your Comments