
ലോകകപ്പിൽ മെക്സിക്കോക്കെതിരെയുള്ള നിർണായക മത്സരത്തിൽ 2-0 ത്തിന് ജയിച്ച അർജന്റീനയുടെ വിജയമാഘോഷിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. എന്തുകൊണ്ട് അയാൾ ഈ കാലഘട്ടത്തിലെ സമാനതകളില്ലാത്ത കാൽ പന്ത് കളിക്കാരൻ ആകുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മെക്‌സിക്കോയ്ക്കേതിരെ 63- ആം മിനുട്ടിൽ നേടിയ ഗോൾ എന്ന് സന്ദീപ് ഫേസ്‌ബുക്കിൽ കുറിച്ചു.
‘എന്തുകൊണ്ട് അയാൾ ഈ കാലഘട്ടത്തിലെ സമാനതകളില്ലാത്ത കാൽ പന്ത് കളിക്കാരൻ ആകുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മെക്‌സിക്കൊയ്ക്കേതിരെ 63- ആം മിനുട്ടിൽ നേടിയ ഗോൾ. ഗില്ലർമോ ഒച്ചാവോ എന്ന അതുല്യ ഗോൾകീപ്പർക്കും ഇടത് ഗോൾ പോസ്റ്റിനും ഇടയ്ക്കുള്ള ‘പന്ത് പഴുത് ‘ നിമിഷാർദ്ധത്തിൽ കണക്ക് കൂട്ടി ഒരു ഇടംകാലൻ ഷോട്ട് പായിക്കുമ്പോൾ 4 മെക്‌സിക്കൻ പ്രതിരോധ താരങ്ങൾ വെറും കാഴ്ചക്കാരായിരുന്നു. അത്തരമൊരു നീക്കം നടത്താനുള്ള മെസ്സിയുടെ കഴിവിനെ ഒരു നിമിഷം അവഗണിച്ച അവരുടെ അലസത മാത്രം മതിയായിരുന്നു അയാൾക്ക്. ഒരു പക്ഷെ പാസ് നൽകിയ എയ്ഞ്ചൽ ഡി മരിയ പോലും പ്രതീക്ഷിക്കാത്ത നീക്കം. അങ്ങനെ ഒക്കെയാണ് അയാൾ മിശിഹ ആവുന്നത്’, സന്ദീപ് ഫേസ്‌ബുക്കിൽ കുറിച്ചു.
മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന തകർത്തത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലയണൽ മെസിയാണ് അര്‍ജന്റീനയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്. എന്‍സോ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് അര്‍ജന്റീന മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ആദ്യ പകുതിയിൽ പന്ത് കൈവശപ്പെടുത്തിയിട്ടും മെക്‌സിക്കോയ്‌ക്കെതിരെ മികച്ചൊരു മുന്നേറ്റം നടത്താൻ അർജന്റീനയ്ക്ക് കഴിഞ്ഞില്ല. 52-ാം മിനിറ്റില്‍ അപകടകരമായ പൊസിഷനില്‍, ബോക്‌സിന് തൊട്ടുമുന്നില്‍ വച്ച് അര്‍ജന്റീനയ്ക്ക് രണ്ടാം ഫ്രീകിക്ക് ലഭിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല.
Post Your Comments