ഈ ലോകകപ്പിലെ അർജന്റീനയുടെ രണ്ടാമത്തെയും നിർണായകവുമായ മത്സരമായിരുന്നു കഴിഞ്ഞത്. മെക്സിക്കോയും അർജന്റീനയും തമ്മിലുള്ള മത്സരത്തിൽ അർജന്റീന 2-0 മെക്സിക്കോയെ തോൽപ്പിച്ച്, അതിശക്തമായ തിരിച്ച് വരവ് കാഴ്ച വെച്ചിരിക്കുകയാണ്. മെക്സിക്കോയുടെയും അറാജ്ന്റീനയുടെയും മത്സരത്തെ കുറിച്ച് സന്ദീപ് ദാസ് ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.
‘മെക്സിക്കോയുടെ പദ്ധതികൾക്കനുസരിച്ചാണ് ആദ്യ പകുതിയിൽ കാര്യങ്ങൾ നടന്നത്. ഒരു ഷോട്ട് പോലും ലക്ഷ്യത്തിലെത്തിക്കാൻ മെസ്സിയ്ക്കും സംഘത്തിനും കഴിഞ്ഞില്ല. മെസ്സിയ്ക്കെതിരായ പുതിയ ട്രോളുകൾ അണിയറകളിൽ രൂപം കൊള്ളാൻ തുടങ്ങിയിരുന്നു.
പെട്ടന്നാണ് അത് സംഭവിച്ചത്. കളിയുടെ അറുപത്തിനാലാം മിനുറ്റിൽ എങ്ങുനിന്നോ ഒരു പന്ത് മെസ്സിയുടെ ഇടംകാലിൽ വന്നുചേർന്നു. ഏതാനും നിമിഷങ്ങൾക്കകം അയാൾ നിറയൊഴിച്ചു. എന്താണ് സംഭവിച്ചത് എന്ന് പലർക്കും മനസ്സിലായില്ല! പോസ്റ്റിൻ്റെ മൂലയിലേയ്ക്ക് അളന്നുമുറിച്ച ഷോട്ട്. ഒച്ചാവോ നിസ്സഹായനാകുന്നു! ഗോൾ! ഒറ്റ ഷോട്ട് ! ബോക്സറുടെ പെർഫെക്റ്റ് പഞ്ച് പോലെ ഒരെണ്ണം! മെക്സിക്കോയുടെ പോസ്റ്റിലെ ഗജവീരൻ്റെ മസ്തകം തകർക്കുന്നത് പോലുള്ള കിക്ക്! മാന്ത്രിക സ്പർശം!’, സന്ദീപ് എഴുതുന്നു.
സന്ദീപ് ദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
”എവിടെയാണ് ലയണൽ മെസ്സി? ഞങ്ങൾ അയാളുടെ നെഞ്ചകം തകർത്തില്ലേ…!? ”
അർജന്‍റീനയ്ക്കുമേൽ സൗദി അറേബ്യ അട്ടിമറി വിജയം നേടിയതിനുശേഷം ദോഹയിലെ തെരുവുകളിലും ഫാൻ പാർക്കുകളിലും ഈ മുദ്രാവാക്യം മുഴങ്ങിക്കേട്ടിരുന്നു. അപ്രകാരമാണ് ചില സൗദി ഫാൻസ് അവരുടെ ആനന്ദം പ്രകടിപ്പിച്ചത്.
അതിനുപിന്നാലെ മെക്സിക്കോയുടെ ആരാധകരും അർജൻ്റീന ഫാൻസും തെരുവിൽ ഏറ്റുമുട്ടി. അതിൻ്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അവിടെയും മെസ്സി തന്നെയാണ് തെറി കേട്ടത്.
മെക്സിക്കോയുടെ പരിശീലകനായ ജെറാർഡ് മാർട്ടിനോയും വാക്പോരിൽനിന്ന് മാറിനിന്നില്ല. മെസ്സിയ്ക്ക് ലോകകപ്പ് നിഷേധിക്കാൻ തൻ്റെ പയ്യൻമാർ തയ്യാറാണ് എന്നാണ് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞത്.
മെസ്സിയുടെ അവസ്ഥ കണ്ടപ്പോൾ ബോക്സിങ്ങ് റിങ്ങിലെ ഇതിഹാസമായിരുന്ന മുഹമ്മദ് അലിയുടെ ജീവിതത്തിൽ നടന്ന ഒരു സംഭവമാണ് ഓർമ്മവന്നത്.
36 വയസ്സുള്ള സമയത്ത് അലി ഒരു അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയിരുന്നു. 24-കാരനായ ലിയോൺ സ്പിങ്ക്സ് അലിയെ ഇടിച്ചുവീഴ്ത്തി. അലിയ്ക്ക് ഹെവിവെയ്റ്റ് കിരീടം നഷ്ടമായി.
ആ തോൽവിയെക്കുറിച്ച് മാദ്ധ്യമങ്ങൾ എഴുതി-
”അലിയുടെ ചുണ്ടിൽ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു. അയാളുടെ നെറ്റിയിൽ ചതവിൻ്റെ പാടുകളുണ്ടായിരുന്നു…!”
പക്ഷേ ആ നാണക്കേടിൻ്റെ കറ അലി മാസങ്ങൾക്കകം കഴുകിക്കളഞ്ഞു. സ്പിങ്ക്സിനെ അടിയറവ് പറയിച്ച് അലി കിരീടം തിരിച്ചുപിടിച്ചു. പാർക്കിൻസൺസ് അസുഖത്തിനുപോലും അലിയുടെ പോരാട്ടവീര്യത്തെ തടയാനായില്ല!
ചാമ്പ്യൻമാർ അങ്ങനെയാണ്. അലി ഒരു ചാമ്പ്യനായിരുന്നു. മെസ്സിയും ആ ജനുസ്സിൽ ഉൾപ്പെടുന്നവനാണ്!
മെക്സിക്കോയ്ക്കെതിരെ കളിക്കാനിറങ്ങുമ്പോൾ ജയം എന്ന ഓപ്ഷൻ മാത്രമേ അർജൻ്റീനയുടെ മുമ്പിൽ ഉണ്ടായിരുന്നുള്ളൂ. തോറ്റാൽ അവർക്ക് നാട്ടിലേയ്ക്ക് വിമാനം കയറാമായിരുന്നു. തുടരെ 36 മത്സരങ്ങൾ ജയിച്ച് ലോകകപ്പിനെത്തിയ,ഫേവറിറ്റ്സ് എന്ന ടാഗ് പേറുന്ന ടീമിനാണ് ഡൂ ഓർ ഡൈ എന്ന അവസ്ഥ വന്നത്!
ഗുള്ളീർമോ ഒച്ചാവോ എന്ന ഗോൾകീപ്പറായിരുന്നു നീലപ്പടയുടെ ഏറ്റവും വലിയ തലവേദന. കളിക്കുന്ന എല്ലാ ലോകകപ്പുകളിലും സ്വന്തം കൈയ്യൊപ്പ് പതിപ്പിക്കുന്ന മഹാപ്രതിഭ. ഒരു ഗജവീരൻ്റെ ഗാംഭീര്യത്തോടെ ഗോൾവല കാക്കുന്നവൻ…!
മെക്സിക്കോയുടെ പദ്ധതികൾക്കനുസരിച്ചാണ് ആദ്യ പകുതിയിൽ കാര്യങ്ങൾ നടന്നത്. ഒരു ഷോട്ട് പോലും ലക്ഷ്യത്തിലെത്തിക്കാൻ മെസ്സിയ്ക്കും സംഘത്തിനും കഴിഞ്ഞില്ല. മെസ്സിയ്ക്കെതിരായ പുതിയ ട്രോളുകൾ അണിയറകളിൽ രൂപം കൊള്ളാൻ തുടങ്ങിയിരുന്നു.
പെട്ടന്നാണ് അത് സംഭവിച്ചത്. കളിയുടെ അറുപത്തിനാലാം മിനുറ്റിൽ എങ്ങുനിന്നോ ഒരു പന്ത് മെസ്സിയുടെ ഇടംകാലിൽ വന്നുചേർന്നു. ഏതാനും നിമിഷങ്ങൾക്കകം അയാൾ നിറയൊഴിച്ചു. എന്താണ് സംഭവിച്ചത് എന്ന് പലർക്കും മനസ്സിലായില്ല! പോസ്റ്റിൻ്റെ മൂലയിലേയ്ക്ക് അളന്നുമുറിച്ച ഷോട്ട്. ഒച്ചാവോ നിസ്സഹായനാകുന്നു! ഗോൾ!
ഒറ്റ ഷോട്ട് ! ബോക്സറുടെ പെർഫെക്റ്റ് പഞ്ച് പോലെ ഒരെണ്ണം! മെക്സിക്കോയുടെ പോസ്റ്റിലെ ഗജവീരൻ്റെ മസ്തകം തകർക്കുന്നത് പോലുള്ള കിക്ക്! മാന്ത്രിക സ്പർശം!
അതുകൊണ്ടും അവസാനിച്ചില്ല. അർജന്‍റീനയുടെ അടുത്ത ഗോളിന് വഴിയൊരുക്കിയതും മെസ്സി തന്നെ!
ബൈബിളിൽ യേശുവിൻ്റെ മരണത്തെക്കുറിച്ചുള്ള വിവരണമുണ്ട്-
”ശത്രുക്കൾ യേശുവിനെ ചാട്ട കൊണ്ട് തല്ലി. മുൾക്കിരീടമുണ്ടാക്കി തലയിൽ വെച്ചു. വലിയ കുരിശ് ചുമപ്പിച്ച് മലയിലേയ്ക്ക് നടത്തിച്ചു. കൈകാലുകൾ ആണി തറച്ച് ഉറപ്പിച്ചു. അവസാനം യേശു പ്രാണൻ വെടിഞ്ഞു. ആ ചേതനയറ്റ ശരീരത്തെപ്പോലും ശത്രുക്കൾ മുറിവേൽപ്പിച്ചു…!”
പക്ഷേ മൂന്നാം നാൾ യേശു ഉയിർത്തെഴുന്നേറ്റു. മെസ്സിയെ ചിലർ മിശിഹാ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. അയാൾക്കും ഉയിർത്തെഴുന്നേൽപ്പാണ് വിധി!!
അർജന്‍റീനയുടെ പരിശീലകൻ സ്കലോണി മത്സരത്തിനുമുമ്പ് ഒരു കാര്യം പറഞ്ഞിരുന്നു-”ഡീഗോ മറഡോണ സ്വർഗ്ഗത്തിലിരുന്ന് ഞങ്ങളെ നോക്കുന്നുണ്ടാവും…!”
ഇനി സ്കലോണി അതിനൊരു കൂട്ടിച്ചേര്‍ക്കൽ നടത്തുമായിരിക്കും-
”ഡീഗോ ഇപ്പോൾ ചിരിക്കുകയാണ്. മെസ്സിയാണ് അതിൻ്റെ കാരണം…!”
Post Your Comments