ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. ആം ആദ്മി ഭരണത്തില്‍ മനംമടുത്ത ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി വോട്ടുചെയ്യാന്‍ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Read Also: കിളികൊല്ലൂർ മര്‍ദ്ദനം: തെളിവില്ലെന്ന പോലീസ് റിപ്പോർട്ട് വിചിത്രമെന്ന് കെ.സുരേന്ദ്രൻ
വരാനിരിക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡല്‍ഹിയിലെ വാസിപൂര്‍ വ്യാവസായിക മേഖലയില്‍ പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ ദേശീയ അദ്ധ്യക്ഷനായ നദ്ദയോടൊപ്പം എംപി ഹര്‍ഷ വര്‍ദ്ധനും ഉണ്ടായിരുന്നു.
‘എഎപിയുടെ ഭരണം ജനങ്ങള്‍ക്ക് മതിയായി. നഗരത്തിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ അവര്‍ ബിജെപി വരണമെന്ന് ആഗ്രഹിക്കുന്നു. തങ്ങളുടെ നേതാക്കള്‍ തീര്‍ത്തും സത്യസന്ധരാണെന്നായിരുന്നു ആംആദ്മി പാര്‍ട്ടിയുടെ വാദം. എന്നാലിന്ന് അഴിമതിയില്‍ പങ്കാളിയായ എഎപി മന്ത്രി സത്യേന്ദര്‍ ജയിന്‍ തിഹാര്‍ ജയിലിലാണ്. ഇതോടെ ജയിലില്‍ മസാജ് സെന്റര്‍ തുറക്കുകയാണ് എഎപി ചെയ്തത്. റേപ്പിസ്റ്റായ തടവുകാരനെ മന്ത്രിയുടെ തെറാപ്പിസ്റ്റാക്കി’, ജെ.പി നദ്ദ പറഞ്ഞു.
തിഹാര്‍ ജയിലില്‍ കഴിയുന്ന സത്യേന്ദര്‍ ജയിന് പ്രത്യേക സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന്റെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ ഇതിനിടെ ബിജെപി പുറത്തുവിട്ടിരുന്നു. മന്ത്രിക്ക് ബോഡി മസാജ് ചെയ്യാന്‍ ആളെത്തുന്നതും പ്രത്യേകതരം ഭക്ഷണം ലഭ്യമാക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കസ്റ്റഡിയിലായതിന് ശേഷം 28 കിലോ ഗ്രാം തൂക്കം കുറഞ്ഞുവെന്നായിരുന്നു സത്യേന്ദ്ര ജയിന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ മന്ത്രി എട്ട് കിലോ തൂക്കം കൂടുകയാണ് ചെയ്തതതെന്ന് കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങള്‍ ഓരോന്നായി പുറത്തുവന്നതോടെ എഎപിയുടെ മുഖംമൂടി തകര്‍ന്നുവെന്നും ജനങ്ങള്‍ സത്യം തിരിച്ചറിയുന്നുണ്ടെന്നും ബിജെപി പ്രതികരിച്ചു. ഇതിന് തിരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
Post Your Comments