
കിളിമാനൂർ: കാറും പൊലീസ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ രണ്ടുപേർക്ക് ഗുരുതര പരിക്ക്. കൊട്ടാരക്കര പുത്തൂർ സ്വദേശി ഗിരീഷ് കുമാർ, നെല്ലിക്കുന്ന് സ്വദേശി ബിജോയ് എന്നിവർക്കാണ് പരിക്കേറ്റത്.
സംസ്ഥാന പാതയിൽ പാപ്പാല ജംഗ്ഷന് സമീപം ഇന്നലെ 4.30നാണ് അപകടം നടന്നത്. തിരുവനന്തപുരം എ ആർ ക്യാമ്പിൽ നിന്നും ശബരിമല ഡ്യൂട്ടിക്കുള്ള പൊലീസുകാരെ ശബരിമലയിൽ എത്തിച്ചതിന് ശേഷം തിരികെ ക്യാമ്പിലേക്ക് വരുകയായിരുന്ന പൊലീസ് വാനിൽ കിളിമാനൂർ ഭാഗത്ത് നിന്ന് തട്ടത്തുമല ഭാഗത്തേക്ക് വരുകയായിരുന്ന കാർ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയിൽ നിയന്ത്രണം തെറ്റിയ പൊലീസ് വാനിലേക്ക് ആദ്യം ഇടിച്ച കാറിന് പിന്നാലെ വന്ന കാറും ഇടിച്ചെങ്കിലും ആർക്കും പരിക്കില്ല. കിളിമാനൂർ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെതുടർന്ന്, സംസ്ഥാന പാതയിൽ വാഹനഗതാഗതം തടസപ്പെട്ടു.
Post Your Comments