തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചാംപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് കേരളത്തില്‍ എത്തും. രോഗികള്‍ കൂടുതലുള്ള മലപ്പുറം ജില്ലയിലാണ് സംഘം ഇന്ന് പരിശോധന നടത്തുക. കൊവിഡ് കാലത്ത് അഞ്ചാംപനി വാക്സിനേഷന്‍ കുത്തനെ കുറഞ്ഞതാണ് കേരളത്തില്‍ രോഗവ്യാപനത്തിന് കാരണം. ഇതുവരെ 140 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്തില്‍ 130ഉം മലപ്പുറത്താണ്.
കല്‍പ്പകഞ്ചേരി,പൂക്കോട്ടൂര്‍, തിരൂര്‍ പ്രദേശങ്ങളിലെ കുട്ടികള്‍ക്കാണ് കൂടുതലായി രോഗം ബാധിക്കുന്നത്. ഇന്ന് മലപ്പുറത്തെത്തുന്ന കേന്ദ്ര സംഘം ഈ പ്രദേശങ്ങളില്‍ പരിശോധന നടത്തും. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. ആറ് മാസം മുതല്‍ മൂന്നു വയസ് വരെ പ്രായമുള്ള കുട്ടികളിലാണ് രോഗം കൂടുതലായും കണ്ടുവരുന്നത്. വായുവിലൂടെ പകരുന്ന രോഗം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം രണ്ട് ഡോസ് മീസല്‍സ് കുത്തിവെപ്പ് എടുക്കുക എന്നത് മാത്രമാണ്.
കേരളത്തില്‍ ഇതുവരെ അഞ്ചാംപനി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ മരണം സംഭവിക്കാമെന്നും ആരോഗ്യവിദഗ്ദര്‍ പറയുന്നു. പനി, ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം , ദേഹമാസകലം ചുവന്ന പൊടിപ്പുകള്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍.
Post Your Comments