ന്യൂഡൽഹി: കേന്ദ്ര ആയുഷ് മന്ത്രാലയവും ശാസ്ത്ര-സാങ്കേതിക-ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലെ ശാസ്ത്ര-സാങ്കേതിക വകുപ്പും (ഡിഎസ്ടി), തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ആയുഷ് രംഗത്ത് ഗവേഷണത്തിന്റെ സാധ്യതയുള്ള മേഖലകളെ പര്യവേക്ഷണം ചെയ്യുന്നതിനും തെളിവ് അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ ഇടപെടലുകൾക്കായുള്ള സഹകരണം ഏകോപിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഇതിലൂടെ ലഭിക്കുന്ന ഗുണഫലങ്ങൾ പൊതുജനാരോഗ്യ പരിപാലന സംവിധാനത്തിൽ പ്രയോഗിക്കുകയാണ് ഉദ്ദേശം.
ആയുഷ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും ഡിഎസ്ടിയിലെ ശാസ്ത്രജ്ഞരുടെയും സാന്നിധ്യത്തിൽ ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊടേച്ചയും ഡിഎസ്ടി സെക്രട്ടറി ഡോ ശ്രീവരി ചന്ദ്രശേഖറും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ആയുഷ് ആശയങ്ങൾ, നടപടിക്രമങ്ങൾ, ഉത്പന്നങ്ങൾ എന്നിവയുടെ ശാസ്ത്രീയമായ സാധൂകരണം സംബന്ധിച്ച ഗവേഷണ-വികസന പ്രവർത്തനങ്ങൾ സംയുക്തമായി ഏറ്റെടുക്കാൻ ധാരണാ പത്രം ലക്ഷ്യമിടുന്നു. വിവര കൈമാറ്റത്തിന് ഒരു വേദി സൃഷ്ടിക്കാനും ആയുഷുമായി ബന്ധപ്പെട്ട അടിസ്ഥാന ആശയങ്ങളും തത്വങ്ങളും മനസ്സിലാക്കുന്നതിന് ആധുനിക ശാസ്ത്രത്തിന്റെ സാദ്ധ്യതകൾ കൊണ്ടുവരാനും ആയുഷ് മന്ത്രാലയവും ഡിഎസ്ടിയും ധാരണാപത്രം വഴി സമ്മതിച്ചു.
Post Your Comments