ബാലരാമപുരം: സെക്രട്ടേറിയറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മുന്‍ സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ പിടിയില്‍. കാഞ്ഞിരംകുളം ലൂര്‍ദുപുരം എം.ജെ നിലയത്തില്‍ നിന്ന് മലയിന്‍കീഴ് കൊട്ടറക്കുഴി ബ്രിട്ടാസ് ഹൗസില്‍ താമസിക്കുന്ന ഷൈജിന്‍ ബ്രിട്ടോയെ (39) ആണ് പൊലീസ് പിടികൂടിയത്. ബാലരാമപുരം പൊലീസ് ആണ് ഇയാളെ പിടികൂടിയത്.
2021 ഏപ്രില്‍ മാസം മുതല്‍ 2022 ജനുവരി വരെ വിവിധ ഘട്ടങ്ങളിലായിട്ടാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. മാതൃസഹോദരി അംബികയില്‍ നിന്ന് 81 ലക്ഷം രൂപയാണ് ഇയാൾ വാങ്ങിയത്. അംബികയുടെ മകന് സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടിയെടുത്തത്. ഇതിനായി ഇയാൾ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടെയും സര്‍ക്കാറിന്‍റെയും വ്യാജസീല്‍ പതിച്ച് രേഖകളും തയാറാക്കി. തട്ടിപ്പാണെന്ന് ഉറപ്പായതോടെ അംബിക ബാലരാമപുരം പൊലീസില്‍ ആഗസ്റ്റില്‍ പരാതി നല്‍കുകയായിരുന്നു.
Read Also : എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; മോഡല്‍ പരീക്ഷാ തീയതിയും നിശ്ചയിച്ചു
നേരത്തേ സെക്രട്ടേറിയറ്റില്‍ ജീവനക്കാരനായിരുന്നു ബ്രിട്ടോ. 2022 ല്‍ ഇയാൾ സര്‍വീസില്‍ നിന്ന് അച്ചടക്ക നടപടിയുടെ പേരില്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപടിയെടുക്കുകയായിരുന്നു. ബ്രിട്ടോ വാടകക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്നും വ്യാജസീലുകളും ഐഡന്‍റിറ്റി കാര്‍ഡുകളും ജോലി അപേക്ഷകളും കണ്ടെത്തിയിട്ടുണ്ട്.
ഒളിവില്‍ കഴിഞ്ഞ പ്രതിയെ റൂറല്‍ ജില്ല പൊലീസ് മേധാവി ശില്‍പക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര അസി. സൂപ്രണ്ട് ഓഫ് പൊലീസ് ഫറാഷിന്‍റെ നേതൃത്വത്തില്‍ സി.ഐ ബിജുകുമാര്‍, സി.പി.ഒമാരായ ശ്രീകാന്ത്, പ്രവീണ്‍ദാസ്, വിപിന്‍, ഷാജി എന്നിവടങ്ങുന്ന അന്വേഷണ സംഘം പിടികൂടി. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments