
നേപ്പിയര്‍: ന്യൂസിലൻഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കാൻ ടീം ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് മത്സരം. അതേസമയം, ന്യൂസിലന്‍ഡ് നിരയിൽ നായകൻ കെയ്ൻ വില്യംസൺ കളിക്കില്ല. മുന്‍ നിശ്ചയപ്രകാരം ഡോക്ടറെ കാണാനുള്ള അപ്പോയ്മെന്‍റ് എടുത്തതിനാലാണ് വില്യംസൺ ഇന്ന് കളിക്കാന്‍ കഴിയാത്തതെന്ന് കിവീസ് പരിശീലകന്‍ ഗാരി സ്റ്റെഡ് പറഞ്ഞു.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഡോക്ടറുടെ അപ്പോയ്ന്‍മെന്‍റ് ലഭിച്ചതെന്നും ഒഴിവാക്കാനാവാത്ത സാഹചര്യത്തിലാണ് ഇന്നത്തെ മത്സരത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്നും ഗാരി സ്റ്റെഡ് വ്യക്തമാക്കി. നിലവിലെ നായകന് പകരം മാര്‍ക്ക് ചാപ്മാനെ കിവീസ് അവസാന ടി20ക്കുള്ള ടീമിലെടുത്തു. വില്യംസണിന്‍റെ അഭാവത്തില്‍ സീനിയര്‍ താരം ടിം സൗത്തിയാകും ഇന്നത്തെ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ നയിക്കുക.
പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ 65 റണ്‍സിന്‍റെ ആധികാരിക ജയം നേടി പരമ്പരയില്‍ 1-0ന് മുന്നിലെത്തിയിരുന്നു. ഇന്നത്തെ മത്സരം ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. രണ്ടാം മത്സരത്തില്‍ 52 പന്തില്‍ 65 റണ്‍സെടുത്ത വില്യംസണായിരുന്നു കിവീസിന്‍റെ ടോപ് സ്കോറര്‍.
കഴിഞ്ഞ മത്സരത്തില്‍ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നപ്പോള്‍ തുടക്കത്തിലെ ക്രീസിലെത്തിയ വില്യംസണ് തകര്‍ത്തടിക്കാനവാഞ്ഞത് കിവീസ് ബാറ്റിംഗ് നിരയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. ലോകകപ്പ് ടീമിലുണ്ടായിരുന്ന ചാപ്‌മാന്‍ ഇന്ത്യക്കെതിരായ പരമ്പക്കുള്ള ടീമിലിടം നേടിയിരുന്നില്ല. വെള്ളിയാഴ്ച ഇന്ത്യക്കെതിരെ തുടങ്ങുന്ന ഏകദിന പരമ്പരക്കുള്ള വില്യംസണ്‍ ന്യൂസിലന്‍ഡ് ടീമില്‍ തിരിച്ചെത്തുമെന്നും ഗാരി സ്റ്റെഡ് വ്യക്തമാക്കി.
Post Your Comments