കൊച്ചി: മംഗളൂരു സ്‌ഫോടന കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാരിഖ് ആലുവയിലെത്തി ലോഡ്ജില്‍ താമസിച്ചതായി സ്ഥിരീകരണം. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇയാള്‍ ഇവിടെ താമസിച്ചത്. ഷാരിഖ് ആലുവയില്‍ ആരെയൊക്കെ കണ്ടെന്നും അന്വേഷിക്കുന്നുണ്ട്. തുടർച്ചയായ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര, സംസ്ഥാന സുരക്ഷാ ഏജൻസികളുടെ ഉന്നതരുടെ സംയുക്ത യോഗം ഇന്ന് കൊച്ചിയിൽ ചേരും. ആലുവയിലെത്തിയ ഷാരിഖ് അഞ്ച് ദിവസം ലോഡ്ജില്‍ തങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
ലോഡ്ജിന്റെ വിലാസത്തില്‍ ഇയാള്‍ ഓണ്‍ലൈനായി ചില വസ്തുക്കള്‍ വാങ്ങിയിരുന്നു. വാങ്ങിയ വസ്തുക്കളുടെ കാര്യത്തിലും ദുരൂഹതയുണ്ട്. ഇയാള്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എത്തിയതായും സ്ഥിരീകരണമുണ്ട്. ഷാരിഖ് താമസിച്ച ലോഡ്ജില്‍ പരിശോധന നടത്തിയ അന്വേഷണം സംഘം ഇയാള്‍ ആരെയൊക്കെയാണ് കണ്ടതെന്നും പരിശോധിക്കുന്നുണ്ട്.
അതേസമയം, കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന മുഹമ്മദ് റാഫുള്ള അടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. സ്‌ഫോടനക്കേസ് പ്രതി ഷാരിക്കിന് വ്യാജ സിം കാർഡ് സംഘടിപ്പിച്ച് നൽകിയ ഊട്ടി സ്വദേശി സുരേന്ദ്രൻ നേരത്തെ അറസ്റ്റിലായിരുന്നു.
സ്‌ഫോടനത്തിന്റെ പ്രധാന ആസൂത്രകർ എന്ന് പോലീസ് സംശയിക്കുന്ന അറാഫത്തുള്ള, മുസാഫിർ, താഹ എന്നിവർക്കായി വ്യാപക തിരച്ചിലിലാണ് പോലീസ്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. കോയമ്പത്തൂരില്‍ കാറില്‍ സ്ഫോടനമുണ്ടായതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഷാരിഖ് കോയമ്പത്തൂരില്‍ പോയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കോയമ്പത്തൂരില്‍ നിന്ന് മധുര, നാഗര്‍കോവില്‍ വഴിയാണ് ഷാരിഖ് ആലുവയിലെത്തിയത്.
Post Your Comments