ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. 65 റണ്‍സിന്‍റെ ആധികാരിക ജയം സ്വന്തമാക്കി പരമ്പരയില്‍ 1-0 ലീഡെടുത്തപ്പോള്‍ വിജയത്തില്‍ നിര്‍ണായകമായത് സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിംഗും ദീപക് ഹൂഡയുടെ ബൗളിംഗ് പ്രകടനവുമായിരുന്നു. സൂര്യ സെഞ്ചുറിയുമായി തകര്‍ത്തടിച്ചപ്പോള്‍ ഹൂഡ നാലു വിക്കറ്റ് വീഴ്ത്തി തിളങ്ങി.
2.5 ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് താരം നേടിയത്. ന്യൂസിലന്‍ഡ് വാലറ്റത്തെ പൊരുതാനനുവദിക്കാതെ പറഞ്ഞുവിട്ടത് ഹൂഡയുടെ ഓഫ് സ്പിന്നായിരുന്നു. നേരത്തെ ഡാരില്‍ മിച്ചലിനെ പുറത്താക്കിയ ഹൂഡ തന്‍റെ രണ്ടാം വരവില്‍ ആദം മില്‍നെ, ഇഷ് സോധി, ടിം സൗത്തി എന്നിവരെ വീഴ്ത്തിയാണ് നാലു വിക്കറ്റ് തികച്ചത്. ടി20 ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെതിരെ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്.
2021ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ മൂന്നോവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അക്സര്‍ പട്ടേലിന്‍റെ ബൗളിംഗ് പ്രകടനമായിരുന്നു ഇതുവരെയുള്ള മികച്ച ബൗളിംഗ് പ്രകടനം. ബാറ്റിംഗില്‍ ആദ്യ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായ ഹൂഡ ബൗളിംഗില്‍ മികവ് കാട്ടിയത് ഇന്ത്യക്ക് ആശ്വാസമായി. രണ്ടോവറില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ 24 റണ്‍സ് വഴങ്ങിയതോടെയാണ് നായകൻ ഹര്‍ദ്ദിക് പാണ്ഡ്യാ ഹൂഡയെ പന്തേല്‍പ്പിച്ചത്.
Post Your Comments