പാലക്കാട്: വടക്കഞ്ചേരി ബസ്സപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർക്ക് മാത്രമല്ല, കെ.എസ്.ആർ.ടി.സി.ക്കും പങ്കുണ്ടെന്ന് മോട്ടോർവാഹനവകുപ്പ്. പാലക്കാട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എം.കെ ജയേഷ്കുമാർ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ ആണ് ഇതേക്കുറിച്ച് വ്യക്തമാക്കുന്നത്.
റോഡ് ഷോൾഡറിന്റെ അപാകത അപകടതീവ്രത വർധിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ബസ് റോഡിൽ നിർത്തിയില്ലെന്ന കെ.എസ്.ആർ.ടി.സി.യുടെ വാദം തള്ളുന്നതാണ് റിപ്പോർട്ട്. കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ദേശീയപാതയിലെ വളവിൽ നിർത്തി യാത്രക്കാരനെ ഇറക്കിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുശേഷം മുന്നോട്ട് നീങ്ങുമ്പോഴാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്.
വാഹനങ്ങൾക്ക് തടസ്സമുണ്ടാകും വിധം കെ.എസ്.ആർ.ടി.സി ബസ് റോഡിൽ നിർത്തിയത് തെറ്റാണെങ്കിലും അപകടത്തിനുള്ള പ്രധാനകാരണം ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ അതിവേഗവും അലക്ഷ്യഡ്രൈവിങ്ങുമാണ്. വലത് ട്രാക്കിലൂടെ നീങ്ങിയ കാറിനെയും ഇടതുട്രാക്കിലൂടെ നീങ്ങിയ കെ.എസ്.ആർ.ടി.സി ബസിനെയും വളവിൽ വച്ച് ഒരേസമയം മറികടക്കാൻ ടൂറിസ്റ്റ് ബസ് ഡ്രൈവർ ശ്രമിച്ചു. വേഗക്കൂടുതൽ കാരണം വളവ് തിരിയാൻ കൂടുതൽ സ്ഥലമെടുത്തതോടെ കണക്കുകൂട്ടൽ പിഴച്ചു. ഈ സമയം ടൂറിസ്റ്റ് ബസ് 97.72 കി.മീ. വേഗത്തിലായിരുന്നു. ബസിലെ ജി.പി.എസിൽനിന്നുള്ള വിവരങ്ങൾ, നിരീക്ഷണക്യാമറകളിൽനിന്നുള്ള വിവരങ്ങൾ എന്നിവ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ഇടിക്കുശേഷം ടൂറിസ്റ്റ് ബസ് റോഡരികിലെ മൺകൂനയിൽ കയറിയാണ് മറിഞ്ഞത്. റോഡ് ഷോൾഡർ കൃത്യമായി തയ്യാറാക്കുകയോ, സുരക്ഷാവേലി സ്ഥാപിക്കുകയോ ചെയ്തിരുന്നെങ്കിൽ മറിയുന്നത് ഒഴിവാക്കാമായിരുന്നു. റോഡിന്റെ വശങ്ങളിൽ പുല്ലുപടർന്നിരുന്നു. തെരുവുവിളക്കുകളും ഇല്ലായിരുന്നു. അപകടസമയത്ത് റോഡിലുണ്ടായിരുന്ന കാർ, പിക് അപ് ഡ്രൈവർമാരുടെ ഭാഗത്ത് പിഴവില്ല. കെ.എസ്.ആർ.ടി.സി ബസിന്റെ വേഗപ്പൂട്ട് വിച്ഛേദിച്ചതായും ഇരു ബസുകളിലും നിയമപ്രകാരമുള്ള റിഫ്ലക്ടീവ് സ്റ്റിക്കറുകൾ ഇല്ലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർക്കുപുറമേ കെ.എസ്.ആർ.ടി.സി ഡ്രൈവർക്കും പിഴവ് സംഭവിച്ചതായി നാറ്റ്പാക് (നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച്) പഠനറിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു. കെ.എസ്.ആർ.ടി.സി ഡ്രൈവർ സിഗ്നൽ നൽകാതെ പെട്ടെന്ന് റോഡിൽ നിർത്തിയതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു കണ്ടെത്തൽ.
Post Your Comments