ന്യൂഡൽഹി: സ്വാതന്ത്ര്യസമര സേനാനിയായ വീർ സവർക്കറിനെ ബ്രിട്ടീഷുകാരുടെ സേവകനെന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ്. എന്നാൽ സവർക്കറിൻെറ കാര്യത്തിൽ രാഹുലിൻെറ മുത്തശ്ശിയും മുൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിക്ക് ഈ അഭിപ്രായം അല്ല ഉണ്ടായിരുന്നത്. ബ്രിട്ടീഷുകാർക്കെതിരെ ധീരമായി പോരാടിയ വ്യക്തിയെന്ന് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ചിരുന്ന സവർക്കറെ ഇന്ദിരാ ഗാന്ധി വിശേഷിപ്പിച്ചിട്ടുണ്ട്.
1980 മെയ് 20-ന് സവർക്കറുടെ ജന്മശതാബ്ദി ആഘോഷിക്കാൻ പദ്ധതിയിട്ടുകൊണ്ട് സ്വാതന്ത്ര്യ വീർ സവർക്കർ രാഷ്ട്രീയ സ്മാരകിന്റെ സെക്രട്ടറി പണ്ഡിറ്റ് ബഖ്‌ലെ എഴുതിയ കത്തിനുള്ള മറുപടിയിലായിരുന്നു ഇന്ദിരാ ഗാന്ധിയുടെ പരാമർശം. “നിങ്ങളുടെ കത്ത് ലഭിച്ചു. ബ്രിട്ടീഷുകാർക്കെതിരെ ശക്തമായ പോരാട്ടം നയിച്ചിട്ടുള്ള വീർ സവർക്കർക്ക് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ അതിന്റേതായ പ്രാധാന്യമുണ്ട്. ഇന്ത്യയുടെ ധീരനായ പുത്രന്റെ ജന്മശതാബ്ദി ആഘോഷിക്കാനുള്ള പദ്ധതികൾ വിജയിക്കട്ടെയെന്ന് ആശംസിക്കുന്നു,” ഇന്ദിര കത്തിലെഴുതി. പഴയ കത്ത് ട്വിറ്ററിൽ ഇപ്പോൾ വൈറലാവുകയാണ്. ഇതുകൂടാതെ അദ്ദേഹത്തോടുള്ള ആദരസൂചകമായി സ്റ്റാമ്പും ഇറക്കിയിരുന്നു.
1920-ൽ ബ്രിട്ടീഷുകാർ സവർക്കറെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ തടവിലാക്കിയപ്പോൾ, മഹാത്മാഗാന്ധി, വിത്തൽഭായ് പട്ടേൽ, ബാലഗംഗാധര തിലക് എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ വിട്ടയക്കാൻ ആവശ്യപ്പെട്ടതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. പിന്നീടാണ് സവർക്കർ മഹാത്മാ ഗാന്ധിയുടെയും കോൺഗ്രസിന്റെയും വിമർശകനായി മാറുന്നത്. ഹിന്ദു മഹാസഭയുടെ പ്രസിഡൻറായി പിന്നീട് സവർക്കർ മാറി. ഇതോടെ കോൺഗ്രസിന് അനഭിമതനാകുകയായിരുന്നു സവർക്കർ . മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്സെ ഈ സംഘടനയിൽ അംഗമായിരുന്നു.
Post Your Comments