KeralaLatest NewsNews

കേരളത്തിലെ ആദ്യ അഗ്നിപഥ് റിക്രൂട്മെന്റ് റാലിക്ക് തുടക്കം

കൊല്ലം: തെക്കൻ കേരളത്തിലെ ആദ്യ അഗ്നിപഥ് റിക്രൂട്മെന്റ് റാലിക്ക് തുടക്കമായി. കളക്ടർ അഫ്സാന പർവീൺ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ആർമി റിക്രൂട്മെന്റ് ബാംഗ്ലൂർ സോൺ ഡി.ഡി.ജി ബ്രിഗേഡിയർ എ.എസ് വലിംബെ, തിരുവനന്തപുരം ആർമി റിക്രൂട്മെന്റ് ഓഫീസർ കേണൽ മനീഷ് ഭോല എന്നിവർ പങ്കെടുത്തു.904 പേരാണ് ആദ്യ ദിനം പങ്കെടുത്തത്. ഇവരില്‍ 151 പേർ ആദ്യ കായികക്ഷമത പരീക്ഷയായ ഓട്ടത്തിൽ വിജയിച്ചു. ഇവരുടെ തുടർ പരീക്ഷകൾ അടുത്ത ദിവസം നടക്കും.

ശാരീരികക്ഷമതയിലും വൈദ്യപരിശോധനയിലും യോഗ്യത തേടുന്ന ഉദ്യോഗാർഥികൾക്കുള്ള പൊതുപരീക്ഷ ജനുവരി 15 ന് നടക്കും.

കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള 1767 പേരാണ് ഇന്നലെ അഗ്നിപഥ് പദ്ധതിയിലെ റിക്രൂട്മെന്റിനായി റജിസ്റ്റർ ചെയ്തിരുന്നത്.

പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ 1931 പേരാണ് ഇന്ന് റജിസ്റ്റർ ചെയ്തിട്ടുള്ളത്. 19, 20 തിയതികളിൽ കൊല്ലം ജില്ലയിലെ 6389 ഉദ്യോഗാർഥികളും 21, 22 തിയതികളിൽ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗാർഥികളും റാലിയിൽ പങ്കെടുക്കും. അഗ്നിപഥ് റാലിയുടെ ഫിസിക്കൽ, മെഡിക്കൽ ടെസ്റ്റ് നടപടിക്രമങ്ങൾ 24 ന് സമാപിക്കും.

അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മെൻ പത്താം ക്ലാസ്, എട്ടാം ക്ലാസ്, അഗ്നിവീർ ക്ലാർക്ക്/ സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങളിലേക്കാണ് അഗ്നിവീർ റാലി നടക്കുന്നത്. ഇതു കൂടാതെ 26 മുതൽ 29 വരെ സോൾജിയർ ടെക്‌നിക്കൽ നഴ്‌സിങ് അസിസ്റ്റന്റ് /നഴ്‌സിങ് അസിസ്റ്റന്റ് വെറ്ററിനറി, ജൂനിയർ കമ്മിഷൻഡ് ഓഫിസർ (മത അധ്യാപകൻ) എന്നീ വിഭാഗങ്ങളിലേക്കുള്ള ആർമി റിക്രൂട്മെന്റ് റാലിയും ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും.

കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കായാണ് ആർമി റിക്രൂട്മെന്റ് റാലി. റാലിയുടെ അവസാന ശാരീരികക്ഷമതാ പരിശോധന 28 നും അവസാന വൈദ്യ പരിശോധന 29 നും നടക്കും. മുൻകൂട്ടി റജിസ്റ്റർ ചെയ്തവർക്കു മാത്രമാണു പങ്കെടുക്കാൻ അനുമതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button