KeralaLatest NewsNews

കൊച്ചിയിലെ ഓടകള്‍ ഉടന്‍ മൂടണം; കോര്‍പ്പറേഷനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

 

കൊച്ചി: എറണാകുളം പനമ്പിള്ളിനഗറിലെ തുറന്നിട്ട ഓടയില്‍ കുട്ടി വീണ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി. സംഭവം ഞെട്ടലുണ്ടാക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഓടകളും ഫുട്പാത്തുകളും പരിപാലിക്കുന്നതില്‍ അധികൃതര്‍ക്ക് കനത്ത വീഴ്ച സംഭവിച്ചതായി കോടതി ചൂണ്ടിക്കാട്ടി.

കൊച്ചി കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്നും സെക്രട്ടറിയാണ് കോടതിയിൽ ഹാജരായത്. ഓടകള്‍ തുറന്നിടുന്നത് ശരിയാണോയെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് കോടതി ചോദിച്ചു. ഇക്കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ വേണ്ടിയാണ് നേരിട്ട് വിളിപ്പച്ചതെന്നും കോടതി പറഞ്ഞു.

പൊതുനിരത്തുകള്‍ പ്രായമായവര്‍ക്കും മുതിര്‍ന്നവര്‍ക്കും മാത്രമല്ല. കുട്ടികള്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. ഓടയില്‍ വീണ കുട്ടിക്ക് എന്തെങ്കിലും അപകടം സംഭവിച്ചിരുന്നുവെങ്കില്‍ ആരു സമാധാനം പറയുമായിരുന്നുവെന്നും ഭാഗ്യം കൊണ്ടാണ് കുട്ടി രക്ഷപ്പെട്ടതെന്നും കോര്‍പ്പറേഷനോട് കോടതി പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എത്രയും പെട്ടെന്ന് ആവശ്യമായ നടപടികള്‍ സ്വീകരക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

സൈക്കിളുമായി ഒരു കുട്ടി പുറത്തിറങ്ങിയാല്‍ തിരിച്ചുവരുമോയെന്ന് ഉറപ്പുണ്ടോയെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് കോടതി ചോദിച്ചു. കൊച്ചി ഒരു മെട്രോ നഗരമാണെന്ന് മറക്കരുത്. ഫുട്പാത്തിന്റെയും കാനകളുടെയും ഉത്തരവാദിത്വം നഗരസഭയ്‌ക്കാണെന്നും ഇനി ഇത്തരം അപകടം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. സംഭവത്തില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി കോടതിയോട് ക്ഷമ ചോദിച്ചു. രണ്ടാഴ്ചയ്‌ക്കകം ഓടകള്‍ മൂടുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. സെക്രട്ടറി നല്‍കിയ ഉറപ്പ് കോടതി രേഖപ്പെടുത്തി. വിഷയം ഡിസംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button