പാലോട്: തിമിംഗല ഛർദി കടത്താൻ ശ്രമിച്ച സഹോദരങ്ങൾ അറസ്റ്റിൽ. കൊല്ലം ആശ്രമം സ്വദേശികളായ ദീപു, ദീപക് എന്നിവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച വൈകുന്നേരം ആറിന് കല്ലമ്പലത്തിനും പാരിപ്പള്ളിക്കും ഇടയിൽ ഫാർമസി മുക്ക് എന്ന സ്ഥലത്ത് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. റോഡരികിൽ പാർക്ക് ചെയ്യാൻ ശ്രമിക്കവേ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. പ്രതികളുടെ വാഹനത്തിൽ നിന്നും തെറിച്ചുവീണ ഒരു ബാഗ് അപകടത്തെ തുടർന്ന്, സ്ഥലത്തെത്തിയ കല്ലമ്പലം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.
Read Also : വൃശ്ചിക പുലരിയിൽ ശബരിമല ഭക്തിസാന്ദ്രം: ദർശനത്തിന് വൻ തിരക്ക്
പരിശോധിച്ചപ്പോൾ മൂന്ന് കഷണങ്ങളായിട്ടുള്ള അഞ്ചേമുക്കാൽ കിലോ തിമിംഗല ഛർദി കണ്ടെടുക്കുകയായിരുന്നു. പൊലീസ് ഉടൻ തന്നെ പാലോട് വനം അധികൃതരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇരുവരെയും പാലോടെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മാർത്താണ്ഡത്ത് നിന്നെത്തിച്ച തിമിംഗല ഛർദി കഴകൂട്ടത്തു കൊണ്ടുപോയി പരിശോധിച്ച ശേഷം വിൽക്കാനായിരുന്നു പദ്ധതിയെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. പിടിയിലായവരോടൊപ്പം ചവറ സ്വദേശി മനോജ്, മാർത്താണ്ഡം സ്വദേശി മരിയ ദാസ് എന്നിവർ കൂടിയുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്കായി അന്വേഷണം ശക്തമാക്കി.
അറസ്റ്റ് ചെയ്ത പ്രതികളെ നെടുമങ്ങാട് വനം വകുപ്പ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments