കൊച്ചി: കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരന്റെ ആർ.എസ്.എസ് അനുകൂല വിവാദ പരാമർശത്തിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുധാകരൻ്റെ മനസ്സ് ബി.ജെ.പിക്ക് ഒപ്പമാണ്. സമാന ചിന്താഗതിക്കാർ ഒരുപാട് കോൺഗ്രസിലുണ്ട്. കോൺഗ്രസിന് വേറെ ഓപ്ഷൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ അവരെ കൈയോഴിയുന്നുവെന്നും കെ സുധാകരന്റെ അഭിപ്രായം മറ്റ് നേതാക്കൾക്കുമുണ്ട് എന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ‘കെ.പി.സി.സി പ്രസിഡന്റിനെ ബി.ജെ.പിയിലേക്ക് ക്ഷണിക്കുന്നില്ല. പക്ഷെ, അവർ അരക്ഷിതരാണ്. ഇവിടെ ഓഫറുകൾ ഒന്നും നൽകാൻ ഇല്ലാത്തതിനാലാണ് കോൺഗ്രസ്സ് നേതാക്കൾ ബി.ജെ.പിയിലേക്ക് വരാത്തത്. പദവികൾ നൽകാൻ കഴിയുമെങ്കിൽ സ്ഥിതി മറിച്ച് ആകുമായിരുന്നു’- സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അതേ സമയം, വിവാദ പരാമർശങ്ങളിൽ കെ സുധാകരനോട് എ.ഐ.സി.സി വിശദീകരണം തേടും. എ.കെ ആന്റണിയും കെ.സി വേണുഗോപാലും കെ സുധാകരനുമായി സംസാരിച്ചു. ഇതിന്റെ തുടർച്ചയായാണ് നടപടി. തന്റെ പരാമർശം ദുർവ്യാഖാനം ചെയ്തതാണെന്ന് കെ സുധാകരൻ നേതാക്കളെ അറിയിച്ചു.
കെ സുധാകരനെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്. ആർ.എസ്.എസുമായി ബന്ധപ്പെട്ട് സുധാകരൻ നടത്തുന്ന ചില പ്രസ്താവനകൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതായി വിമർശനം ഉയരുന്നതിനിടെയാണ് കടുത്ത നടപടി വേണമെന്ന ആവശ്യവുമായി പരാതിയും ലഭിക്കുന്നത്. സുധാകരന്റെ പ്രസ്താവനകളിൽ ഹൈക്കമാൻഡ് ഇടപെടണമെന്നാണ് നേതൃത്വത്തിന് ലഭിച്ച പരാതിയിലെ ആവശ്യം.
Post Your Comments