തലമുടി കൊഴിച്ചില്‍ എന്ന പ്രശ്നം ഇന്ന് പലരെയും അലട്ടുന്ന ഒന്നാണ്. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ ആരോഗ്യത്തിനായി നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം.
ഒപ്പം തലമുടി സംരക്ഷണത്തിന് ചെയ്യേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. ചില ഹെയര്‍ മാസ്കുകള്‍ ഉപയോഗിച്ച് മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും കഴിയും. അത്തരത്തില്‍ ചില ഹെയർ മാസ്കുകളെ പരിചയപ്പെടാം…
നമ്മുടെയാക്കെ അടുക്കളയില്‍ കാണുന്ന ഒന്നാണ് ഉള്ളി. ഉള്ളി തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് സെലിബ്രിറ്റികള്‍ പോലും പറയുന്നു. മുടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉള്ളിനീര്. ഇതിനായി ഒരു ഉള്ളിയുടെ നീര്, അര ടീസ്പൂണ്‍ നാരങ്ങാനീര്, രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടീസ്പൂണ്‍ തേൻ എന്നിവ മിക്സ് ചെയ്ത് മുടിയിലും തലയോട്ടിയിലും പുരട്ടുക. അര മണിക്കൂർ കഴിഞ്ഞ് ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
തലമുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കറിവേപ്പില. ഇതിനായി രണ്ട് ടീസ്പൂൺ കറിവേപ്പില പേസ്റ്റ് രണ്ട് ടീസ്പൂൺ തൈരില്‍ മിക്സ് ചെയ്ത് തലയിൽ പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയുക.
ചീരയിലുള്ള പോഷകങ്ങള്‍ തലമുടിയുടെ വളർച്ചയ്ക്ക് സഹായകരമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്‍റുകള്‍ മുടി കൊഴിച്ചിലിനെയും തടയും. ഇതിനായി ഒരു കപ്പ് പാലക് ചീരയുടെ ഇലകള്‍, ഒരു പിടി കറിവേപ്പില, ഒരു ഉള്ളിയുടെ നീര്, അര ടീസ്പൂണ്‍ നാരങ്ങാനീര്, ഒരു ടീസ്പൂണ്‍ തേൻ, ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവയെടുത്ത് മിക്സിയിലടിക്കുക. ശേഷം ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ഈ മാസ്ക് തലയില്‍ വയ്ക്കാം. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ ഒരു തവണ ഈ ഹെയർ മാസ്ക് ഉപയോഗിക്കാം.
ഉലുവ തലേന്ന് രാത്രി വെള്ളത്തിൽ കുതിർക്കാന്‍ ഇടുക. പിറ്റേ ദിവസം രാവിലെ ഇതിനെ കുഴമ്പ് രൂപത്തിൽ അരച്ചെടുക്കാം. ഇനി ഇതിലേയ്ക്ക് ചെമ്പരത്തി പൂവും ഇലകളും തൈരും മുട്ടയും ഏതാനും തുള്ളി ലാവെണ്ടർ ഓയിലും കൂടി ചേർക്കാം. ഇനി ഒരു മണിക്കൂറിന് ശേഷം ഈ മിശ്രിതം തലമുടിയിൽ തേച്ചുപിടിപ്പിക്കാം. ഷാംമ്പൂ ഉപയോഗിച്ച് വേണം കഴുകിക്കളയാന്‍.
Post Your Comments