KeralaLatest News

പരാതിക്കാരിയായ യുവതിയെ കിടപ്പുമുറിയില്‍ വെച്ച് കൂട്ട ബലാത്സംഗം ചെയ്ത സിഐയ്‌ക്കെതിരെ പരസ്യമായി പികെ ശ്രീമതി

കണ്ണൂര്‍: യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സി.ഐ, പി.ആര്‍.സുനുവിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇന്നലെ കസ്റ്റഡിയിലെടുത്ത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. സിഐയെ കൂടാതെ മറ്റ് നാല് പേരും പൊലീസ് കസ്റ്റഡിയിലുണ്ട്. സിഐ, പി.ആര്‍ സുനു നേരത്തെ ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായ ആളാണെന്നാണ് റിപ്പോർട്ട്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ സമാനമായ മറ്റ് രണ്ട് കേസുകളും ഈ ഉദ്യോഗസ്ഥനെതിരെയുണ്ട്. കേസുകളില്‍ വകുപ്പു തല നടപടി കഴിയും മുന്‍പാണ് വീണ്ടും സമാന കുറ്റകൃത്യത്തില്‍ പ്രതിയാകുന്നത്. എന്നാല്‍, പൊലീസുകാരന്‍ നേരത്തെ കേസില്‍ പ്രതിയായിരുന്നത് അറിയില്ലെന്നാണ് കോഴിക്കോട് സിറ്റി പൊലീസ് സംഭവത്തേക്കുറിച്ച്‌ വിശദമാക്കുന്നത്.

തൃക്കാക്കരയില്‍ വാടകയ്ക്കു താമസിക്കുന്ന ചേരാനല്ലൂര്‍ സ്വദേശിയായ യുവതിയെ സുനു ഉള്‍പ്പെടെ 7 പേര്‍ ചേര്‍ന്നു കൂട്ടബലാത്സംഗം ചെയ്‌തെന്നാണു കേസ്. കേസിലെ മൂന്നാം പ്രതിയാണു സുനു. ഡപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലീസിനു യുവതി നല്‍കിയ പരാതി തൃക്കാക്കര പൊലീസിനു കൈമാറുകയായിരുന്നു. എന്നാല്‍, സുനുവിനെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നും ചോദ്യംചെയ്യാനായി വിളിപ്പിച്ചതാണെന്നുമുള്ള നിലപാടിലാണു പൊലീസ്. ഇന്നലെ ഉച്ചയോടെ കൊച്ചിയിലെത്തിച്ച സുനുവിനെ അജ്ഞാതകേന്ദ്രത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

സുനുവില്‍നിന്നു ലഭിച്ച വിവരങ്ങള്‍ സ്ഥിരീകരിക്കാനായി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുമെന്നും ഇതിനു ശേഷമേ തുടര്‍ നടപടികള്‍ ഉണ്ടാകൂ എന്നുമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പരാതിക്കാരി പറയുന്ന കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട് എന്നാണു പൊലീസിന്റെ നിലപാട്. ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്റെ മുകള്‍നിലയിലാണു സുനു താമസിച്ചിരുന്നത്. ഇന്നലെ രാവിലെ രാവിലെ 8ന് കമ്മിഷണറുടെ പതിവു വയര്‍ലെസ് മീറ്റിങ്ങില്‍ (സാറ്റാ മീറ്റിങ്) പങ്കെടുക്കാന്‍ താഴെയുള്ള ഓഫിസിലേക്ക് എത്തിയപ്പോഴാണു തൃക്കാക്കരയില്‍ നിന്നുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. നടപടിയുണ്ടാകും എന്ന വിവരം കോഴിക്കോട് കമ്മിഷണര്‍, ഡിസിപി, ഫറോക്ക് എസിപി എന്നിവരെ മാത്രമാണു ധരിപ്പിച്ചിരുന്നത്.

2022 മെയ്‌ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലത്താണ് പരാതിക്ക് ആധാരമായ സംഭവം നടന്നതെന്നാണ് പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടിലുള്ളത്. പരാതിക്കാരിയുടെ ഭര്‍ത്താവ് സാമ്പത്തിക തട്ടിപ്പു കേസില്‍ ജയിലിലാണ്. പട്ടാളത്തില്‍ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞു പണം തട്ടിയെന്നാണു കേസ്. ഈ അവസ്ഥ മുതലെടുത്തു സഹായവാഗ്ദാനം നല്‍കി പരാതിക്കാരിയെ സമീപിച്ച പ്രതികള്‍ ഇവരുടെ തൃക്കാക്കരയിലെ വാടകവീട്ടിലെ ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണു കേസ്.

സുനുവിനു പുറമെ വീട്ടുവേലക്കാരി വിജയലക്ഷ്മി, രാജീവ്, ദേവസ്വം ജീവനക്കാരന്‍ അഭിലാഷ്, പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് ശശി എന്നിവര്‍ കേസുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലുണ്ട്. രണ്ടു പ്രതികള്‍ ഒളിവിലാണെന്നു പൊലീസ് പറയുന്നു. മുന്‍പു തൃശൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസിലും അറസ്റ്റിലായിട്ടുള്ള സുനു, സാമ്പത്തിക തട്ടിപ്പുകേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു മാധ്യമ റിപ്പോർട്ട്. ആറു മാസം മുന്‍പാണ് എറണാകുളം ജില്ലയില്‍നിന്നു കോസ്റ്റല്‍ സ്റ്റേഷനിലേക്കു സ്ഥലംമാറിയെത്തിയത്.

പി.ആര്‍.സുനുവിനെതിരെ സ്ത്രീപീഡനം ഉള്‍പ്പെടെ 3 ക്രിമിനല്‍ കേസുകളും വകുപ്പുതലത്തില്‍ 8 അന്വേഷണവും ശിക്ഷാനടപടിയും ഉണ്ടായിരുന്നതാണ്. സ്ത്രീപീഡനക്കേസില്‍ ജയില്‍വാസവും അനുഭവിച്ച ഉദ്യോഗസ്ഥനാണ് ഇപ്പോഴും സേനയുടെ ഭാഗമായി തുടരുന്നത്. 2019ല്‍ കൊച്ചിയില്‍ ജോലിചെയ്യുമ്പോള്‍ പരാതിയുമായി സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കാറില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലും സുനുവിനെതിരെ കേസ് എടുത്തിരുന്നു.

2021ല്‍ കണ്ണൂര്‍ കരിക്കോട്ടക്കരി സ്റ്റേഷനില്‍ എസ്‌എച്ച്‌ഒ ആയി ജോലിചെയ്യുമ്പോള്‍ ഔദ്യോഗിക വാഹനത്തില്‍ സ്ത്രീയുമായി വാണിയാപ്പാറ തട്ട് മലമുകളില്‍ കണ്ടതു ചോദ്യം ചെയ്ത നാട്ടുകാരുമായി സംഘര്‍ഷമുണ്ടാക്കിയതിലും കേസെടുത്തു. ഈ വര്‍ഷം സ്ത്രീയുമായി തൃശൂര്‍ നഗരത്തിലെ ഹോട്ടലില്‍നിന്നു പിടിയിലായെന്ന കേസുമുണ്ടായി.
അതേസമയം, കേരളത്തിലെ പൊലീസ് സംവിധാനത്തിനെതിരെ വിമര്‍ശനം കടുക്കുമ്പോള്‍ പ്രതിരോധിക്കാന്‍ സാധാരണ സഖാക്കള്‍ എത്താറുണ്ട്. കാരണം മുഖ്യമന്ത്രി പിണറായി ഭരിക്കുന്ന വകുപ്പാണത്.

എന്നാല്‍, തുടര്‍ച്ചയായി പൊലീസ് വീഴ്‌ച്ചകള്‍ ചര്‍ച്ചയാകുമ്പോള്‍ പിണറായി വിജയനെ സിപിഎം നേതാക്കളും കൈവിടുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്. പൊലീസിനെ വിമര്‍ശിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി രംഗത്തുവന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പി കെ ശ്രീമതിയുടെ വിമര്‍ശനം. ‘വേലി തന്നെ വിളവ് തിന്നുകയാണോ’ എന്നാണ് ഫേസ്‌ബുക്കിലൂടെ പി.കെ ശ്രീമതി ചോദിക്കുന്നത്. യുവതിയെ ബലാത്സംഗം ചെയ്‌തെന്ന സിഐ, പി.ആര്‍.സുനുവിനെതിരായ പരാതിയിലാണ് പി.കെ ശ്രീമതിയുടെ ഫേസ്‌ബുക്ക്‌പോസ്റ്റ്. സുനു സ്ഥിരം കുറ്റവാളിയാണെന്നും പി.കെ ശ്രീമതി ഫേസ്‌ബുക്കില്‍ കുറിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button