നിലവിളക്ക് ഐശ്വര്യത്തിന്റെ പ്രതീകമാണ്. വീടുകളില്‍ നിത്യവും നിലവിളക്ക് തെളിച്ചാല്‍ ഐശ്വര്യം കളിയാടുമെന്നാണ് വിശ്വാസം. തിന്മയുടേതായ അന്ധകാരത്തിനെ അകറ്റി നന്മയുടെ വെളിച്ചം നിലനിലനിറുത്താനാണ് നിലവിളക്കുതെളിക്കുന്നത്. എന്നാല്‍ തോന്നുംപടി വെറും ചടങ്ങിനെന്നപോലെ വിളക്കുതെളിച്ചാല്‍ ഐശ്വര്യം ലഭിക്കില്ലെന്ന് മാത്രമല്ല ഉള്ളതുകൂടി പോവുകയും ചെയ്യും. വിധിപ്രകാരമുള്ള നിഷ്ഠയോടെവേണം വീടുകളില്‍ വിളക്കുകൊളുത്താന്‍.
എല്ലാ ദേവതാ സാന്നിദ്ധ്യവും നിറഞ്ഞ ഒന്നാണ് നിലവിളക്ക് എന്നറിയുകയാണ് ആദ്യം വേണ്ടത്. നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണുവിനെയും മുകള്‍ ഭാഗം ശിവനെയുമാണ് സൂചിപ്പിക്കുന്നത്. വിളക്കിന്റെ നാളം ലക്ഷ്മീ ദേവിയെയും പ്രകാശം സരസ്വതീ ദേവിയെയും നാളത്തിലെ ചൂട് പാര്‍വതീ ദേവിയെയുമാണ് സൂചിപ്പിക്കുന്നതെന്നാണ് വിശ്വാസം. അതിനാല്‍ വിളക്ക് തെളിക്കുമ്പോള്‍ മനസിന്റെയും ശരീരത്തിന്റെയും ശുദ്ധി പരമപ്രധാനമാണ്.
ശരീരവും മനസും മാത്രമല്ല നിലവിളക്ക് വയ്ക്കുന്ന സ്ഥലവും നിലവിളക്കും ശുദ്ധിയുണ്ടായിരിക്കണം. തുളസിയില ഇട്ട് തീര്‍ത്ഥത്തിന് സമമാക്കിയ വെള്ളംകൊണ്ടാണ് വിളക്ക് വയ്ക്കുന്ന സ്ഥലം ശുദ്ധീകരിക്കേണ്ടത്. നിത്യവും വിളക്ക് കഴുകി വൃത്തിയാക്കാനും മറക്കരുത്. നിലവിളക്കിന് ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള അശുദ്ധി കുടുംബത്തിനെ മൊത്തം ബാധിക്കുമെന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കണം.
ഒരിക്കലും വെറും നിലത്ത് വിളക്ക് വയ്ക്കരുത്. പീഠത്തിന് മുകളിലോ തളികയിലോ വേണം വയ്‌ക്കേണ്ടത്. നിലവിളക്കിന്റെ ചൈതന്യശ്രോതസിന്റെ ഭാരം ഭൂമീദേവിക്ക് നേരിട്ട് താങ്ങാന്‍ കഴിയാത്തതിനാലാണത്രേ ഇത്. നിലവിളക്കിനൊപ്പം ഓട്ടുകിണ്ടിയില്‍ ശുദ്ധജലവും പുഷ്പങ്ങളും ചന്ദനത്തിരിയും വയ്ക്കുന്നത് നന്നാണ്. ഓട്, വെള്ളി, പിത്തള, സ്വര്‍ണം എന്നിവകൊണ്ട് നിര്‍മ്മിച്ച നിലവിളക്കുകളാണ് നിത്യവും തെളിക്കേണ്ടത്. മറ്റുലോഹങ്ങള്‍ കൊണ്ടുണ്ടാക്കിയത് ഉപയോഗിക്കാതിരിക്കുന്നതാണ് നന്ന്. ഓടുകൊണ്ട് നിര്‍മ്മിച്ച, അലങ്കാര പണികളൊന്നുമില്ലാത്ത ചെറുനിലവിളക്കുകളാണ് വീടുകളില്‍ കത്തിക്കാന്‍ ഏറ്റവും ഉത്തമം.
പൂജാമുറിയിലോ വീടിന്റെ ഉമ്മറത്തോ ആണ് നിലവിളക്ക് വയ്‌ക്കേണ്ടത്. അല്ലെങ്കില്‍ ഈശാനകോണായ വടക്കുകിഴക്കോ വീടിന്റെ മദ്ധ്യഭാഗത്തോ തെക്കു പടിഞ്ഞാറുഭാഗത്തോ വയ്ക്കാവുന്നതാണ്. വിളക്കില്‍ ഒഴിച്ച എണ്ണ തീരുംവരെ കത്തിച്ചുവയ്ക്കാം എന്നാണ് ആചാര്യന്മാര്‍ പറയുന്നതെങ്കിലും സന്ധ്യ കഴിഞ്ഞാല്‍ അണയ്ക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഒരിക്കലും ഊതിക്കെടുത്തത്. താലത്തില്‍ വച്ചിരിക്കുന്ന പൂവ് ഉപയോഗിച്ച് വേണം നാളം അണയ്ക്കാന്‍. അതുപോലെ കരിംതിരി കത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
ഗൃഹനാഥയാണ് നിലവിളക്ക് കൊളുത്തേണ്ടത്. ദീപം… ദീപം എന്ന് ഉച്ചത്തില്‍ ചൊല്ലുകയും വേണം. ഈ സമയം കുടുംബത്തിലെ മറ്റുള്ളവര്‍ നിലവിളക്കിനെ തൊഴുത് നമസ്‌കരിക്കണം. നിലവിളക്കില്‍ എത്ര തിരിവേണം എന്നതിനും കൃത്യമായ കണക്കുണ്ട്. പഞ്ഞികൊണ്ടുണ്ടാക്കിയ രണ്ട് തിരി എള്ളെണ്ണയിലാണ് കത്തിക്കേണ്ടത്. രണ്ടുതിരിയിട്ട് കത്തിച്ച വിളക്ക് ഐശ്വര്യവും ധനലാഭവും തരുമെങ്കില്‍ ഒറ്റത്തിരിയിട്ട് കത്തിച്ച വിളക്ക് മഹാവ്യാധിയെയാണ് സൂചിപ്പിക്കുന്നത്. മൂന്ന്, നാലു തിരികളിടുന്നത് ദാരിദ്ര്യത്തിന് കാരണമാകുമെന്നാണ് വിശ്വാസം.എന്നാല്‍ അഞ്ച് തിരിയിട്ട ദീപം ദുരിതങ്ങളൊഴിഞ്ഞ് ഐശ്വര്യത്തെ സൂചിപ്പിക്കുന്നു.
രാവിലെ കിഴക്കിന് അഭിമുഖമായി നിന്നുവേണം വിളക്ക് തെളിക്കാന്‍. എന്നാല്‍ വൈകുന്നേരം പടിഞ്ഞാറ് നോക്കിനിന്നുവേണം തെളിക്കാന്‍. നിലവിളക്ക് തെളിക്കുന്നതിലൂടെ സൂര്യ ഭഗവാനെ വാങ്ങുക എന്ന സങ്കല്പവും ഉണ്ട് . പ്രഭാതത്തില്‍ ഉദയ സൂര്യനെ നമിക്കുന്നതിനായാണ് കിഴക്കു ഭാഗത്തേക്ക് നോക്കിനിന്ന് തിരി തെളിക്കുന്നത്. സായാഹ്നത്തില്‍ അസ്തമയ സൂര്യനെ വണങ്ങാന്‍ വേണ്ടിയാണ് പടിഞ്ഞാറ് ദിക്കിലേക്ക് നിന്ന് തിരിതെളിക്കുന്നത്. തെക്ക് ദിക്ക്‌നോക്കി ഒരിക്കലും വിളക്ക് തെളിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
Post Your Comments