സിഡ്‌നി: ടി20 ലോകകപ്പ് സൂപ്പർ 12 മത്സരങ്ങള്‍ക്കുമൊടുവില്‍ സെമി ഫൈനൽ ലൈനപ്പായി. നവംബര്‍ ഒമ്പതിന് നടക്കുന്ന ആദ്യ സെമിയില്‍ ന്യൂസിലന്‍ഡ്, പാകിസ്ഥാനെ നേരിടും. സിഡ്‌നിയിൽ ഉച്ചയ്ക്ക് 1.30നാണ് മത്സരം. 10ന് നടക്കുന്ന രണ്ടാം സെമിയിൽ ഇന്ത്യ, ഇംഗ്ലണ്ടിനെ നേരിടും. ഉച്ചയ്ക്ക് 1.30ന് അഡ്‌ലെയ്ഡിലാണ് മത്സരം.
ഫൈനല്‍ മത്സരം നവംബര്‍ 13ന് ഉച്ചയ്ക്ക് 1.30ന് മെല്‍ബണില്‍ നടക്കും. ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെയാണ് സെമി ഫൈനല്‍ ക്രമം പുറത്തായത്. ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ്, ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചിരുന്നു. ഇതോടെ, ഇന്ത്യക്കൊപ്പം സെമി കടക്കുമെന്ന് ഉറച്ചിരുന്ന ദക്ഷിണാഫ്രിക്ക പുറത്തായി. മൂന്ന് മത്സരങ്ങളില്‍ അഞ്ച് പോയിന്റാണ് ദക്ഷിണാഫ്രിക്കയ്ക്ക്.
രണ്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണം പരാജയപ്പെട്ടു. ഒരെണ്ണം മഴയില്‍ കലാശിച്ചതോടെ പോയിന്റ് പങ്കിടേണ്ടിവന്നു. പാകിസ്ഥാനെതിരേയും ദുര്‍ബലരായ നെതര്‍ലന്‍ഡ്‌സിനെതിരേയുമാണ് ദക്ഷിണാഫ്രിക്ക് പരാജയപ്പെട്ടത്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ പാകിസ്ഥാന്‍, ബംഗ്ലാദേശിനെ തോല്‍പ്പിച്ചതോടെ സെമിയിലേക്ക് മുന്നേറി.
രണ്ട് മത്സരങ്ങള്‍ തോറ്റിട്ടും പാകിസ്ഥാന്‍ സെമിയിലെത്തിയെന്നുള്ളതാണ് അത്ഭുതം. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ പാകിസ്ഥാന്‍, സിംബാബ്‌വെയുടെ മുന്നിലും അടിയറവ് പറഞ്ഞു. എന്നാല്‍, ദക്ഷിണാഫ്രിക്ക, നെതര്‍ലന്‍ഡ്‌സ്, ബംഗ്ലാദേശ് എന്നിവരെ തോല്‍പ്പിച്ച് സെമിയിലേക്ക് മുന്നേറി.
Read Also:- സാമ്പത്തിക സംവരണ കേസ്: ഇന്ന് നിർണായക സുപ്രീംകോടതി വിധി
ഇംഗ്ലണ്ട്, അയര്‍ലന്‍ഡിനോട് അട്ടിമറിക്കപ്പെട്ടെങ്കിലും ന്യൂസിലന്‍ഡ്, ശ്രീലങ്ക എന്നിവരെ തോല്‍പ്പിക്കാനായി. അഫ്ഗാനിസ്ഥാനെതിരായ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിയും വന്നു. ന്യൂസിലന്‍ഡാണ് ഗ്രൂപ്പില്‍ ഒന്നാമത്. ഇംഗ്ലണ്ടിനോട് മാത്രമാണ് കിവീസ് പരാജയപ്പെട്ടത്. അഫ്ഗാനെതിരായ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കുകയും ചെയ്തു.
Post Your Comments