Latest NewsKeralaNews

ആരാധകർക്ക് ആശ്വാസം, മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ നീക്കില്ലെന്ന് പഞ്ചായത്ത്

കോഴിക്കോട്: പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ നീക്കം ചെയ്യില്ലെന്ന് ചാത്തമംഗലം പഞ്ചായത്ത്. കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്ന് കാണിച്ചുള്ള നിര്‍ദേശം ലഭിച്ചിട്ടല്ലെന്ന് പഞ്ചായത്ത് അറിയിച്ചു. കട്ടൗട്ടുകള്‍ എടുത്ത് മാറ്റാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടില്ലെന്നും ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി ഗഫൂര്‍ പറഞ്ഞു. ഒരു വക്കീല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിഭാഷകനായ ശ്രീജിത്ത് പെരുമനയായിരുന്നു കട്ടൗട്ടുകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് ചാത്തമംഗലം പഞ്ചായത്തില്‍ പരാതി നല്‍കിയത്. പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടയുമെന്ന് കാട്ടിയായിരുന്നു നടപടി. കട്ടൗട്ടുകള്‍ സ്ഥാപിച്ചത് നിയമവിരുദ്ധമായാണെന്നും പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പരാതിയിൽ പറഞ്ഞിരുന്നു.

പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച 30 അടി പൊക്കമുള്ള മെസ്സിയുടെ കട്ടൗട്ട് അന്താരാഷ്ട്ര കായിക മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. കേരളത്തിലെ ഫുട്ബോള്‍ പ്രേമത്തിന്റെ തീവ്രത ചൂണ്ടിക്കാണിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. അര്‍ജന്റീന ആരാധകര്‍ പുഴയുടെ നടുവിലെ തുരുത്തില്‍ കട്ടൗട്ട് വെച്ചതിന് പിന്നാലെ ബ്രസീല്‍ ആരാധകരെത്തി അതിലും വലുപ്പമുള്ള കട്ടൗട്ട് പുഴക്കരയില്‍ വെച്ചു. 40 അടി വലുപ്പമുള്ള നെയ്മര്‍ ഫ്‌ലക്സ് വന്നതോടെ പുള്ളാവൂരിലെ ഫുട്ബോള്‍ ഫാന്‍ ഫൈറ്റിന് കൗതുകമേറി. അർജന്റീനയുടെയും ബ്രസീലിന്റെയും ഔദ്യോഗിക പ്രൊഫൈലുകൾ ഇത് ഷെയർ ചെയ്യുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button