തിരുവനന്തപുരം: വിപണിയിൽ ശക്തമായി ഇടപെട്ടു കൊണ്ട് കുറഞ്ഞവിലയ്ക്ക് സാധനങ്ങൾ നൽകുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവയ്പ് തുടങ്ങിയ അനഭിലഷണീയമായ പ്രവണതകൾ വിപണിയെ ബാധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനുമാവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചതായി ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ അഭിപ്രായപ്പെട്ടു. തിരുവന്തപുരത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിപണിയിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ വിലനിശ്ചിയിക്കാൻ സർക്കാരിന് അധികാരമില്ല. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശക്തമായ വിപണി ഇടപെടൽ നടത്തുന്ന ഒരു സർക്കാരാണ് കേരളത്തിലുള്ളത്.
സംസ്ഥാനത്തിന് ആവശ്യമായ അരിയുടെ 15% മാത്രമേ സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്നുള്ളു. പൊതുവിതരണ ശൃംഖലയിലൂടെ വിതരണം നടത്തുന്നതിന് കേന്ദ്രസർക്കാർ എഫ്.സി.ഐയിലൂടെ 8.35 ലക്ഷം ടൺ അരി ഒരു വർഷം അനുവദിച്ചു വരുന്നു. കർഷകിൽ നിന്നും നെല്ല് സംഭരിച്ച് അരിയാ ക്കുന്നതിലൂടെ ഒരു വർഷം ശരാശരി 4.60 ടൺ അരി കണ്ടെത്താൻ കഴിയുന്നു. സപ്ലൈകോ വിൽപ്പന ശാലകളിലൂടെ ഒരു വർഷം ശരാശരി 87168 ടൺ അരി സബ്‌സിഡി ഇനത്തിൽ വിൽപന നടത്തിവരുന്നു ഒരു മാസം ശരാശരി 35 ലക്ഷം കാർഡുടമകൾ സപ്ലൈകോയിൽ നിന്നും സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിനു വേണ്ട ബാക്കി അരിയുടെ വിപണനം നടക്കുന്നത് പൊതുവിപണിയിലൂടെയാണ്.
ഒരു താലൂക്കിൽ രണ്ട് ദിവസം എന്ന നിലയിലാണ് അരിവണ്ടിയുടെ വിതരണം ക്രമീകരിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ 7-ാം തിയതിയോടെ അരിവണ്ടിയുടെ അരിവിതരണം പൂർത്തീകരിക്കും. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 14 ജില്ലകളിലും ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ സ്‌ക്വാഡുകൾ പരിശോധന നടത്തുകയുണ്ടായി. ജില്ലകളിൽ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്നാണ് പ്രധാനമായും പരിശോധിച്ചത്. സംസ്ഥാനത്തൊട്ടാകെ 642 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും 82 വ്യാപാര സ്ഥാപനങ്ങളിൽ ചില പ്രശ്‌നങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് തുടങ്ങിയ ഗൗരവമായ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി കളക്ടർമാർ റിപ്പോർട്ട് ചെയ്തിട്ടില്ല. വില വിവരം പ്രദർശിപ്പിക്കാത്തത്, അളവ് തൂക്കഉപകരണങ്ങളുടെ കൃത്യതയിലുള്ള കുറവ് തുടങ്ങിയ പ്രശ്‌നങ്ങളാണ് ശ്രദ്ധയിൽപ്പെട്ടത്. ഇതിനെതിരെ നടപടികൾ സ്വീകരിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.
Post Your Comments