വയനാട്: സുസ്ഥിര ഉത്തരവാദിത്ത ടൂറിസത്തിന് മാർഗരേഖ തയ്യാറാക്കുന്നതിനുള്ള സർവ്വേ വയനാട് ജില്ലയിൽ ആരംഭിച്ചു. സർവ്വേയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ എ ഗീത നിർവ്വഹിച്ചു. ജില്ലയിലെ റിസോർട്ടുകൾ, ഹോംസ്റ്റേ, സർവ്വീസ് വില്ലകൾ എന്നിവ കേന്ദ്രീകരിച്ചുളള സർവ്വേ, ജില്ലാ ടൗൺ പ്ലാനറുടെ കാര്യാലയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് നടത്തുന്നത്.
ആദ്യ ഘട്ടത്തിൽ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സർവ്വീസ് വില്ലകൾ എന്നിവയുടെ കെട്ടിട നിർമാണ രീതി, ലൊക്കേഷൻ, മാലിന്യ നിർമാർജനം, സുസ്ഥിര ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കൽ എന്നീ ഘടങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവര ശേഖരണം നടത്തും. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലി മുഖേനയാണ് ഫീൽഡ് സർവ്വേ. ചോദ്യാവലി വഴി ശേഖരിച്ച വിവരങ്ങളുടെ ജിയോ ടാഗ് ഡാറ്റബേസ് തയ്യാറാക്കി വിശകലനം ചെയ്യും. ഈ മേഖലയിലെ വിദഗ്ദരുടെയും ഗുണഭോക്താക്കളുടെയും നിർദ്ദേശങ്ങൾ ഉൾപ്പെടുത്തും. ജില്ലയിലെ ടൂറിസം മേഖലയുടെ തുടർ സാധ്യതകൾക്കും പരിസ്ഥിതിയ്ക്കും ഗുണകരമാകുന്ന രീതിയിലുള്ള വികസന സാധ്യതകൾക്കുള്ള മാർഗരേഖയാണ് പഠനം കൊണ്ട് ലക്ഷ്യമിടുന്നത്.
കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ ടൗൺ പ്ലാനർ ഡോ. ആതിര രവി, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി ജയരാജൻ, ഡെപ്യൂട്ടി ടൗൺ പ്ലാനർ കെ എസ് രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. ഡി റ്റി പി സി. പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ടൂറിസ്റ്റ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Post Your Comments