തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ പോലീസിൻ്റെ വീഴ്ചകൾ ഉയർത്തിക്കാട്ടി ശക്തമായ വാദവുമായി പ്രതിഭാഗം രംഗത്ത്. വിഷം കൊടുത്ത് കൊന്നു എന്ന് എഫ്ഐആർ പോലും പോലീസിൻ്റെ പക്കലില്ലെന്ന് ഗ്രീഷ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. കേസിൽ ഗൂഢാലോചന ഉണ്ടായിട്ടില്ലെന്നും ഇല്ലാത്ത തെളിവുകൾ സൃഷ്ടിക്കാനാണ് ശ്രമമെന്നും പ്രതിഭാഗം ആരോപിച്ചു. രൂക്ഷമായ വാദപ്രതിവാദങ്ങൾക്കൊടുവിൽ കോടതി ഗ്രീഷ്മയെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
അന്ന് ഗ്രീഷ്മയുടെ മുറിക്കുള്ളിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ലെന്നും ഗ്രീഷ്മയെ അപായപ്പെടുത്താൻ വിഷം കൊണ്ടുവന്നത് ഷാരോൺ ആയിക്കൂടേ എന്നും പ്രതിഭാഗം ചോദിച്ചു. ഗ്രീഷ്മ ക്രിമിനലാണെങ്കിൽ അങ്ങനെ മാറ്റിയത് ഷാരോണാണെന്നും പ്രതിഭാഗം ആരോപിച്ചു. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങൾ ഷാരോണിൻ്റെ പക്കലുണ്ടായിരുന്നുവെന്നും അതേക്കുറിച്ച് അന്വേഷണം വേണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
അയൽവാസിയുടെ കാറിന് തീയിട്ട 76 കാരൻ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ
ഗ്രീഷ്മയുടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കണമെന്നും മാത്രമല്ല ഗ്രീഷ്മയുടെ മാതാപിതാക്കൾക്ക് ഒറ്റ മകളേ ഉള്ളൂ എന്നത് കണക്കിലെടുക്കണമെന്നും അഭിഭാഷകൻ കോടതിയോട് അഭ്യർത്ഥിച്ചു. എന്തോ വിഷം കഴിച്ചു എന്നു മാത്രമാണ് ആദ്യത്തെ എഫ്ഐആറിൽ പറയുന്നത്. അത് ആരു കൊടുത്തെന്നോ ഏതു വിഷമാണെന്നോ പറഞ്ഞിട്ടില്ല. ഷാരോണും തന്റെ മരണമൊഴിയിൽ ഗ്രീഷ്മയ്‌ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടും എന്തുകൊണ്ടാണ് റാങ്ക് ഹോൾഡറായ ഒരു പെൺകുട്ടിയെ പിടിച്ചുകൊണ്ടു വന്ന് വച്ചിരിക്കുന്നതെന്നും പ്രതിഭാഗം ചോദിച്ചു.
നാട്ടിലേക്ക് പോകാൻ ഇനി സ്പീഡ് ട്രാക്ക്: പുതിയ സംവിധാനവുമായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്
കേസിലെ മറ്റു പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമ്മൽ കുമാറിനെയും രാവിലെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഷാരോണും ഗ്രീഷ്മയും തമിഴ്നാട്ടിൽ പലയിടത്തും പോയിട്ടുണ്ടെന്നും അവിടെയൊക്കെ ഗ്രീഷ്മയെ കൊണ്ടുപോയി തെളിവെടുക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. പ്രോസിക്യൂഷൻ്റെ ആവശ്യം അംഗീകരിച്ച കോടതി, ഗ്രീഷ്മയെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. ഒപ്പം ഗ്രീഷ്മയ്ക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി പോലീസിനോട് നിർദ്ദേശിച്ചു.
Post Your Comments