ന്യൂയോര്‍ക്ക്: ഇസ്ലാമിക് സ്റ്റേറ്റിന്റെ വനിതാ നേതാവിന് തടവ് ശിക്ഷ വിധിച്ച് അമേരിക്കന്‍ കോടതി. ഭീകര നേതാവ് ആലിസണ്‍ ഫ്ളൂക്ക് -എക്രേനാണ് അലക്സാന്‍ഡ്രിയിലെ ഫെഡറല്‍ കോടതി 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. കുറ്റം ചെയ്തതായി ഇവര്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. ഇതോടെയാണ് ശിക്ഷ വിധിച്ചത്.
കന്‍സാസ് സ്വദേശിനിയും സ്‌കൂള്‍ അദ്ധ്യാപികയുമാണ് എക്രേ. ഭീകര സംഘടനയിലെ ചുരുക്കം ചില വനിതാ നേതാക്കളില്‍ പ്രധാനിയായിരുന്നു എക്രേ. സംഘടനയിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതില്‍ പ്രധാനിയായിരുന്നു ഇവര്‍. സിറിയയില്‍ ഒരു ബറ്റാലിയനെ നിയന്ത്രിച്ചിരുന്നത് ഇവരാണ്. 10 വയസ്സുള്ള കുട്ടികളെയുള്‍പ്പെടെ 100 ഓളം യുവതികളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട്.
മിഡില്‍ ഈസ്റ്റില്‍ എത്തിയ ശേഷമാണ് എക്രേ ഭീകര പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. രണ്ടാം ഭര്‍ത്താവിനൊപ്പമായിരുന്നു ഇവര്‍ മിഡില്‍ ഈസ്റ്റില്‍ എത്തിയത്. ഇവിടെവെച്ച് ഭര്‍ത്താവ് അംഗമായ ലിബിയന്‍ ഭീകര സംഘടനയായ അന്‍സാര്‍ അല്‍ ശരിയയുടെ ഭാഗമായി. പിന്നീട് ആണ് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നത്. ഇതിനിടെ ഏറ്റുമുട്ടലില്‍ എക്രെന്റെ ഭര്‍ത്താവ് മരിച്ചിരുന്നു.
ഇതിന് ശേഷം 2012 ല്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായി സിറിയയിലേക്ക് തിരിച്ചു. ഇതിന് ശേഷമാണ് സ്വന്തം നേതൃത്വത്തില്‍ ബറ്റാലിയന്‍ രൂപീകരിച്ചത്. 2017 ല്‍ അമേരിക്കന്‍ സേനയ്ക്കെതിരായ പോരാട്ടത്തില്‍ പങ്കാളിയായിരുന്നു എക്രെന്‍. എന്നാല്‍ ഈ ഏറ്റുമുട്ടലിനിടെ മൂന്നാമത്തെ ഭര്‍ത്താവും കൊല്ലപ്പെട്ടു. തുടര്‍ന്നും വിവാഹം കഴിച്ചെങ്കിലും അയാളും കൊല്ലപ്പെടുകയായിരുന്നു.
Post Your Comments