അബുദാബി: ഭിന്നശേഷി കുട്ടികൾക്കായി പാർക്ക് തുറന്ന് അബുദാബി. ലോകോത്തര നിലവാരത്തിൽ നവീന സൗകര്യങ്ങളോടെയാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. അബുദാബി മദീനാ സായിദിലാണ് ഭിന്നശേഷിക്കാർക്കായി ആദ്യ പാർക്ക് തുറന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
കുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യം വീണ്ടെടുക്കാൻ ഉതകുംവിധം ശാരീരിക, മാനസിക, ദർശന, ശ്രവണ വൈകല്യം അനുസരിച്ച് അനുയോജ്യമായ സൗകര്യങ്ങൾ പാർക്കിലുണ്ട്. ഇതു ഭിന്നശേഷി കുട്ടികളുടെ സമഗ്ര വികാസത്തിന് ഉപകരിക്കുമെന്ന് അൽദഫ്ര നഗരസഭ വ്യക്തമാക്കി. പൊതു പാർക്കിൽ ഇത്തരം കുട്ടികൾക്ക് അനുയോജ്യമായ സൗകര്യം ഇല്ലാത്തതിനാലാണ് പ്രത്യേക പാർക്ക് സജ്ജമാക്കുന്നത്. ഇതുമൂലം മറ്റു കുട്ടികളുടെ ഇടപെടലില്ലാതെ കായിക, വിനോദ പരിപാടികളിൽ ഏർപ്പെടാൻ ഭിന്നശേഷി കുട്ടികൾക്കും കഴിയും.
കളിക്കോപ്പുകൾ, വ്യായാമ ഉപകരണങ്ങൾ, നടപ്പാതകൾ, കളിക്കളങ്ങൾ, ഊഞ്ഞാൽ തുടങ്ങിയവയെല്ലാം ഈ പാർക്കിലുണ്ട്.
Post Your Comments