തിരുവനന്തപുരം: പാറശാലയിൽ ഷാരോൺ കേസിലും പാനൂരിലെ വിഷ്ണുപ്രിയ കേസിലും പ്രതികരിച്ച് ഡോ. ഷിംന അസീസ്. സമീപകാലങ്ങളിൽ നടന്ന പ്രണയ കൊലപാതകങ്ങൾക്കിടെ പ്രണയമേ അപകടമാണ്, അച്ചടക്കം, ഒതുക്കം, അറ്റൻഷനിൽ നിൽപ്, വിവാഹശേഷം മാത്രം പരസ്‌പരം മിണ്ടുക എന്ന പഴഞ്ചൻ രീതികൾക്ക് സ്വീകാര്യത കൊടുക്കുന്നവർക്കെതിരെ ഷിംന. പത്ത് മിനിറ്റ് ചായ കൊടുപ്പിൽ മൂന്നര മിനിറ്റ് മിണ്ടിയ ആളെ ഒരു ആയുഷ്‌കാലം അടിച്ചേൽപ്പിക്കുന്നതിലും എത്രയോ നല്ലത് തന്നെയാണ് പരസ്‌പരം മനസ്സിലാക്കാൻ കിട്ടുന്ന അവസരമെന്ന് ഇവർ പറയുന്നു.
ഷിംന അസീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
പ്രണയക്കൊലപാതകങ്ങളുടെ ഇടയിലൂടെ പുര കത്തുമ്പോൾ വാഴ വെട്ടുന്ന ചിലരെക്കണ്ടോ? പ്രണയമേ അപകടമാണ്, അച്ചടക്കം, ഒതുക്കം, അറ്റൻഷനിൽ നിൽപ്, വിവാഹശേഷം മാത്രം പരസ്‌പരം മിണ്ടുക ലൈനിലാണ് അവരെ സംബന്ധിച്ചിടത്തോളം കാര്യങ്ങളുടെ പോക്ക്… കിട്ടിയ താപ്പിന് ഗോളടിക്കുകയാണ്! പരസ്‌പരം മനസ്സിലാക്കിയുള്ള ആഴമുള്ള സൗഹൃദം കൂടിയാണ് പ്രണയം. പത്ത് മിനിറ്റ് ചായ കൊടുപ്പിൽ മൂന്നര മിനിറ്റ് മിണ്ടിയ ആളെ ഒരു ആയുഷ്‌കാലം അടിച്ചേൽപ്പിക്കുന്നതിലും എത്രയോ നല്ലത് തന്നെയാണ് പരസ്‌പരം മനസ്സിലാക്കാൻ കിട്ടുന്ന അവസരം. ‘എന്റെ കുട്ടി, എന്റെ തീരുമാനം’ ഒക്കെ മാറ്റിപ്പിടിക്കേണ്ട സമയമായി. അറേഞ്ച്ഡ് മാര്യേജിലാണെങ്കിലും രക്ഷിതാക്കളുടെ ‘പ്രാഥമിക അറേഞ്ച്മെന്റുകൾ’ ക്കപ്പുറം വിശകലനങ്ങളും അവസാനവാക്കും വിവാഹിതരാവാൻ പോവുന്നവരുടേത് തന്നെയാവണം.
വരയ്‌ക്കേണ്ട വരമ്പുകളും അതിർത്തികളും അറിയിച്ചാണ് മക്കളെ വളർത്തേണ്ടത്. “എന്റെ ഡ്രസ് എന്റിക്ക തീരുമാനിക്കും, എന്റിക്ക തല്ലിയാൽ അതും സ്വർഗം” എന്നൊക്കെയുള്ളത് പഴകിപ്പൊളിഞ്ഞ ഏർപ്പാടാണ്…. ആ ജനറേഷനിലെ കഥകൾ പലതും പാതിക്ക് വെച്ച് ഇന്ധനമൊഴിഞ്ഞ് നിന്ന് തുടങ്ങിയിട്ടുണ്ട്. ഒരറ്റത്ത് നിന്നും ആളുകൾക്ക് വിവരം വെച്ച് തുടങ്ങിയെന്ന് തന്നെയാണ് പറയുന്നത്. തീരുമാനങ്ങളെടുക്കാനും ചർച്ചകൾ ചെയ്യാനും എതിർപ്പുകളെ സ്വീകരിക്കാനും ഉറപ്പിച്ച് പറയാനും ആർജവത്തോടെ ജീവിക്കാനും കെൽപ്പുള്ള മക്കളായി സ്വന്തം കുട്ടികളെ വളർത്തുക എന്നതാണ് ഉത്തരവാദിത്വമുള്ള രക്ഷകർത്താക്കൾക്ക് ഇനി ചെയ്യാനാവുക. ‘വേണ്ടെന്ന് കേട്ടാൽ വെട്ടുന്നവരിലും, വേണ്ടെന്ന് വെക്കാൻ വിഷം പകരുന്നവരിലും’ നമ്മുടെ മക്കൾ പെടാതിരിക്കട്ടെ.
Post Your Comments