തിരുവനന്തപുരം: ദേശീയപാത 66ന്റെ വികസനവുമായി ബന്ധപ്പെട്ട് ഇടിമൂഴിക്കല്‍ മുതല്‍ തലപ്പാറ വരെ പ്രധാന ജംങ്ഷനുകളിലെ മേല്‍പാലത്തിന്റെ അശാസ്ത്രീയ നിര്‍മാണം, ഡ്രൈനേജ് നിര്‍മാണത്തിലെ അപാകത, സര്‍വീസ് റോഡുകള്‍ക്കുള്ള കണക്ടിവിറ്റി പ്രശ്നം, മിനി അണ്ടര്‍ പാസേജിന്റെ അപര്യാപ്തത, ഗതാഗത കുരുക്ക്, വിദ്യാര്‍ഥികളുടെ സഞ്ചാര പ്രശ്നം, വ്യാപാരികള്‍, ടാക്സി തൊഴിലാളികള്‍ എന്നിവരുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് പി.അബ്ദുള്‍ഹമീദ് എം.എല്‍.എ പറഞ്ഞു. ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാറിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്ലാനിങ് സെക്രട്ടേറിയറ്റ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് എം.എല്‍.എ ദേശീയപാതാ നിര്‍മാണത്തിലെ ആശങ്കകള്‍ പങ്കുവെച്ചത്.
ഇടിമുഴിക്കല്‍-അഗ്രശാല-പാറക്കടവ് റീച്ച് രണ്ട് റോഡിലെ ചാലിപ്പറമ്പിനും കുറ്റിപ്പാലക്കുമിടയിലുളള ഇറക്കത്തിലുളള വളവില്‍ ഡ്രൈനോ, ഐറിഷ് കോണ്‍ക്രീറ്റോ ഇല്ലാത്തതിനാല്‍ റോഡിലെ വെളളം മുഴുവന്‍ താഴെയുളള വീടുകളിലേക്ക് കുത്തൊലിച്ച് പോവുകയാണ്. ഈ പ്രശ്നത്തിന് പരിഹാരമായി ഇവിടെ ക്രാഷ് ബാരിയറോ/ ബ്രോക്കണ്‍ പാരപ്പറ്റോ സ്ഥാപിച്ച് സ്ഥലം അപകടമുക്തമാക്കുന്ന പ്രവൃത്തിക്കായി ഉടന്‍ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ഡബ്ല്യു.ഡി (റോഡ്സ്) യോഗത്തെ അറിയിച്ചു. കൂടാതെ പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് എം.പി, എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ സ്ഥലം പരിശോധിച്ച് നടപടികള്‍ സ്വീകരിച്ചു വരുന്നതായും ഡെപ്യൂട്ടി കലക്ടര്‍ എല്‍.എ.എന്‍.എച്ച് യോഗത്തില്‍ അറിയിച്ചു. മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.ടി.ഒ ഓഫീസ് പൊളിച്ച് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പും സംയുക്തമായി പരിശോധന നടത്തി ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് പി.ഉബൈദുള്ള എം.എല്‍.എ ആവശ്യപെട്ടു.
തദ്ദേശ സ്വയം ഭരണ സ്ഥാപനതലത്തില്‍ ഡയാലിസിസ് രോഗികളുടെ എണ്ണത്തിനനുസരിച്ച് പ്രൊജക്ടുകള്‍ ഏറ്റെടുക്കുന്നതിന് ജില്ലയിലെ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് അബ്ദുറഹ്‌മാന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി അഷ്റഫ് കോക്കൂര്‍, എ.ഡി.എം എന്‍.എം മെഹ്‌റലി, പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ശ്രീധന്യ സുരേഷ്, തിരൂര്‍ സബ്കലക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു.
Post Your Comments