തിരുവനന്തപുരം: ഷാരോണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം പാറശാല പോലീസിനെ സമീപിച്ചിരുന്നു. കാമുകിയായ ഗ്രീഷ്മയെ സംശയമുണ്ടെന്ന് ഇവർ പറഞ്ഞെങ്കിലും വിചിത്രമായ കാരണങ്ങൾ പറഞ്ഞ് പാറശാല പോലീസ് അന്വേഷിക്കാൻ തയ്യാറായില്ല. ഷാരോണ്‍ റേഡിയേഷന് കോഴ്സ് ചെയ്യുന്നതിനാല്‍ റേഡിയേഷന് ഏറ്റതാകാം മരണകാരണം എന്ന വിചിത്ര കാരണമായിരുന്നു പാറശാല പോലീസ് പറഞ്ഞത്.
ഫോണ്‍ സംഭാഷണങ്ങളില്‍ പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്ന് കുടുംബം പറഞ്ഞെങ്കിലും അതേ കുറിച്ച് പാറശാല പൊലീസ് അന്വേഷിച്ചില്ല. പിന്നീട് റൂറല്‍ എസ്പി ഇടപെട്ട് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. പാറശാല പൊലീസ് അന്വേഷണത്തില്‍ അലംഭാവം കാണിച്ചെന്ന് പ്രതിയെ പിടിച്ചതിന് ശേഷവും ഷാരോണിന്റെ കുടുംബം ആരോപിച്ചിരുന്നു. ഷാരോണിന്റെ മരണശേഷം ഒരു മാധ്യമത്തോട് തനിക്കൊന്നും അറിയില്ലെന്നും, താൻ ഷാരോണിനെ കൊല്ലാൻ ഒന്നും ചെയ്തിട്ടില്ലെന്നും ഗ്രീഷ്മ വാദിച്ചിരുന്നു. എന്നാൽ, എട്ട് മണിക്കൂർ നീണ്ട ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യൽ ഗ്രീഷ്മ കരുതിയത് പോലെ എളുപ്പമായിരുന്നില്ല.
വെറും എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ഗ്രീഷ്മ കുറ്റസമ്മതം നടത്തുകയായിരുന്നു. പൊലീസിന് സംശയം തോന്നിയത് ഗ്രീഷ്മ പറഞ്ഞ ആ ഒൻപത് നുണകൾ ആയിരുന്നു.
ആ ഒമ്പത് നുണകള്‍
1. ഗ്രീഷ്മ നല്കിയ കഷായം കുടിച്ചതിന് ശേഷം പച്ചനിറത്തിലാണ് ഛര്‍ദ്ദിച്ചതെന്ന് ഷാരോണ്‍ പറഞ്ഞപ്പോള്‍ കഷായത്തിന്റെ നിറം അങ്ങനെയായത് കൊണ്ടാകാം എന്നാണ് ഗ്രീഷ്മ പറഞ്ഞത്.
2. ഛര്‍ദ്ദിച്ചതിന്റെ കാരണം ജ്യൂസ് പഴകിയതിനാല്‍ ആയിരിക്കാം എന്നാണ് ഗ്രീഷ്മ പറഞ്ഞത്.
3. അമ്മയെ കൊണ്ടുവന്ന ഓട്ടോ ഡ്രൈവര്‍ക്കും ജ്യൂസ് നല്കിയപ്പോള് അയാളും ഛര്‍ദ്ദിച്ചെന്ന് ഗ്രീഷ്മ പറഞ്ഞു. എന്നാല്‍ ഓട്ടോ ഡ്രൈവറായ കാരണക്കോണം സ്വദേശി പ്രദീപ് അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് സത്യം പറഞ്ഞു.
4. ഏതെങ്കിലും തരത്തില്‍ വീട്ടുകാര്‍ ഉപദ്രവിക്കുമോയെന്ന ചോദ്യമുയര്‍ന്നപ്പോള്‍ ഷാരോണിനോട് തന്നെ ഗ്രീഷ്മ പറഞ്ഞത്. ഷാരോണിനുമായുള്ള ബന്ധം വിട്ടെന്നാണ് കരുതുന്നതെന്നും അത് കൊണ്ട് വീട്ടുകാര്‍ ഒന്നും ചെയ്യില്ല, അങ്ങനെ പേടിക്കേണ്ട കാര്യമില്ല എന്നുമാണ്.
5. ജ്യൂസും കഷായവും ഏതാണെന്ന് ചോദിക്കുമ്പോള്‍ ഗ്രീഷ്മ ഉത്തരം നല്‍കുന്നില്ല. ആയുര്‍വേദ ഡോക്ടര്‍ കൂടിയായ ഷാരോണിന്റെ സഹോദരന് കഷായത്തെ കുറിച്ച് ചോദിച്ചപ്പോഴും ഗ്രീഷ്മ ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്.
6. ഏത് കഷായമാണ് ഷാരോണിന് നല്‍കിയതെന്ന ചോദ്യത്തിന് വ്യക്തമായ ഒരുത്തരവും ഗ്രീഷ്മ ഒരു സമയത്തും നല്‍കിയിട്ടില്ല. കഷായകുപ്പിയുടെ അടപ്പില്‍ അതിന്റെ നമ്പറുണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ കഷായക്കുപ്പി കഴുകി കളഞ്ഞെന്നും ആക്രിക്ക് കൊടുത്തെന്നും അമ്മ ഗ്ലാസില്‍ തനിക്ക് ഒഴിച്ചുവെച്ചതാണ് ഷാരോണിന് കൊടുത്തത്.
7. ഷാരോണ്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് കഷായം നല്‍കിയതെന്നായിരുന്നു മരണ ശേഷം ഗ്രീഷ്മ പറഞ്ഞത്. ഷാരോണാണ് തന്നോട് സഹായം ചോദിച്ചതെന്നും പറഞ്ഞു.
8. ഷാരോണിനെ അപായപ്പെടുത്താന്‍ ഉള്ള എന്തെങ്കിലും ഉദ്ദ്യേശം ഉണ്ടായിരുന്നോ എന്ന മാതാപിതാക്കളുടെ ചോദ്യത്തിന് സുഹൃത്തായ റെജിന്‍ കൂടെയുണ്ടായിരുന്നില്ലേ, റെജിന്‍ കൂടെയുള്ളവര്‍ താന്‍ എന്തെങ്കിലും ചെയ്യുമോ എന്നായിരുന്നു മറുപടി.
9. പുത്തന്‍കട ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍ നടുവേദനയ്ക്ക് കഷായം കുറിച്ച് നല്‍കിയെന്നും ഗ്രീഷ്മ പറഞ്ഞു. ഡോക്ടര്‍ ഇത് നിഷേധിച്ചതും കേസില്‍ പ്രധാനപ്പെട്ട ഒന്നായി മാറി.
അഴകിയമണ്ഡപം മുസ്ലിം ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥിയായ ഗ്രീഷ്മയും നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ വിദ്യാർഥിയായ ഷാരോണും നിത്യവും ഒരേ ബസിലാണ് യാത്ര ചെയ്തിരുന്നത്. അങ്ങനെ കണ്ടുള്ള പരിചയം അടുപ്പവും പ്രണയവുമായി വളർന്നു. ഇരുവരും ഗാഢമായ പ്രണയത്തിലായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. പിന്നീട് ഷാരോണിന്റെ ഇരുചക്രവാഹനത്തിലായി ഇരുവരുടെയും യാത്ര. ചില ദിവസങ്ങളിൽ ഇവർ ബൈക്കിൽ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാറുണ്ട്. വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു യാത്രകൾ. ഇതിനിടെ ഗ്രീഷ്മയ്ക്ക് മറ്റൊരു ആലോചന വന്നു. ഇതോടെ ഷാരോണിനെ ഒഴിവാക്കാൻ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായിട്ടായിരുന്നു കൊലപാതകം.
Post Your Comments