ബിസിനസ് രംഗത്ത് നീണ്ട നാളുകൾക്കു ശേഷം ഐപിഒ മുന്നേറ്റം തിരിച്ചെത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഈയാഴ്ച 4 കമ്പനികളാണ് പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കുന്നത്. ഐപിഒ മുഖാന്തരം 4,500 കോടി രൂപ സമാഹരിക്കാനാണ് ഇവ ലക്ഷ്യമിടുന്നത്. 2022- ൽ ആകെ 22 കമ്പനികൾ മാത്രമാണ് ഐപിഒ നടത്തിയത്. അതേസമയം, 2021- ൽ 63 കമ്പനികൾ ഐപിഒ സംഘടിപ്പിച്ചിരുന്നു.
ഗ്ലോബൽ ഹെൽത്ത്, ഫ്യൂഷൻ മൈക്രോഫിനാൻസ്, ഡിസിഎക്സ് സിസ്റ്റംസ്, ബകാജി ഫുഡ്സ് ഇന്റർനാഷണൽ എന്നിവയാണ് ഐപിഒയിലേക്ക് കന്നിച്ചുവടുവയ്ക്കുന്നത്. മേദാന്ത ബ്രാൻഡിൽ ആശുപത്രി ശൃംഖലയുള്ള ഗ്ലോബൽ ഹെൽത്തിന്റെ പ്രാഥമിക ഓഹരി വിൽപ്പന നവംബർ 3 മുതൽ 7 വരെയാണ് നടക്കുന്നത്. 500 കോടി രൂപയുടെ പുതിയ ഓഹരികളും, നിലവിലെ ഓഹരി ഉടമകളുടെ 5.07 കോടി ഓഹരികളുമാണ് വിറ്റഴിക്കാൻ പദ്ധതിയിടുന്നത്.
ഫ്യൂഷൻ മൈക്രോ ഫിനാൻസ് 1,104 കോടി രൂപയുടെ ധനസമാഹരണമാണ് ലക്ഷ്യമിടുന്നത്. ഇവയിൽ 600 കോടി രൂപയുടെ പുതിയ ഓഹരികളുടെ വിൽപ്പനയും ഉൾപ്പെടുന്നുണ്ട്. 400 കോടി രൂപയുടെ പുതിയ ഓഹരികളും, നിലവിലുള്ള ഓഹരി ഉടമകളുടെ 100 കോടി രൂപയുടെ ഓഹരികളുമാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസിഎക്സ് സിസ്റ്റംസ് വിറ്റഴിക്കുന്നത്. 1,000 കോടി രൂപയുടെ ധനസമാഹരണമാണ് ബികാജി ഫുഡ്സ് ഇന്റർനാഷണൽ ലക്ഷ്യമിടുന്നത്.
Post Your Comments