ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മന്ത്രിയുമായ സത്യേന്ദര്‍ ജെയിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജയിലില്‍ ഇയാള്‍ ആഡംബര ജീവിതമാണ് നയിക്കുന്നതെന്നും അന്വേഷണത്തെ സ്ഥിരമായി സ്വാധീനിക്കുന്നുവെന്നും ആരോപിച്ചാണ് ഇ.ഡി ഡല്‍ഹി കോടതിയെ സമീപിച്ചത്. ജയിലില്‍ കൂട്ടുപ്രതികളായ അങ്കുഷ് ജെയിന്‍, വൈഭവ് ജെയിന്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയുടെ സിസിടിവി ദൃശ്യങ്ങളും ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ചു.
Read Also: എന്തുകൊണ്ടാണ് ബി.ജെ.പി ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാത്തത്?: അരവിന്ദ് കെജ്‍രിവാൾ
തിഹാര്‍ ജയിലില്‍ ഇയാള്‍ക്ക് മസാജ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിക്കുന്നതായി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ജയില്‍ മന്ത്രിയായ അദ്ദേഹം പദവി ദുരുപയോഗം ചെയ്യുകയാണെന്നും ഇ.ഡി പറഞ്ഞു. ജയില്‍ സൂപ്രണ്ട് ദിവസവും ഇയാളെ കാണുന്നുണ്ടെന്നും ഭാര്യ പൂനം ജെയിനും പലപ്പോഴായി ജയിലില്‍ വന്നുകണ്ടിരുന്നതായി ഇ.ഡി വ്യക്തമാക്കി. ഇത് നിയമവിരുദ്ധമാണെന്ന് ഇ.ഡി ചൂണ്ടിക്കാട്ടി.
പുറത്ത് നിന്ന് ആരും ജെയിന്‍ കഴിയുന്ന സെല്ലില്‍ എത്തിയിട്ടില്ലെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. ദിവസവും രാവിലെ എല്ലാ തടവുകാര്‍ക്കും പരസ്പരം സംസാരിക്കാവുന്നതാണ്. സംസാരിക്കുന്നതിന് അനുവദിച്ച സമയം കഴിഞ്ഞും ജെയിനും കൂട്ടാളികളും സംസാരിക്കുന്നതായാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ഇഡി പറഞ്ഞു.
Post Your Comments