കൊച്ചി: സപ്ലൈകോ ഓഫീസില്‍ മോഷണം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ കോട്ടപ്പുറം ഇടപ്പിള്ളി വീട്ടിൽ മാഹിൽ (20), പറവൂർ വെടിമറ കാഞ്ഞിരപ്പറമ്പിൽ നിസാർ (25), കൊടുങ്ങല്ലൂർ കരൂപ്പടന്ന തകരമട വീട്ടിൽ തൻസീർ (24) എന്നിവരെയാണ് പിടിയിലായത്. ആലുവ പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.
എറണാകുളത്ത് കുട്ടമശേരിയിൽ ഈ മാസം പതിനാറാം തീയതി പുലർച്ചെ രണ്ടര മണിയോടെയാണ് മോഷണം നടന്നത്. രണ്ട് ബൈക്കുകളിലായെത്തിയ നാലുപേരടങ്ങിയ സംഘമാണ് കുട്ടമശേരി സപ്ലൈകോ ഓഫീസില്‍ മോഷണം നടത്തിയത്. ഷട്ടറിന്‍റെ താഴ് തകർത്ത് അകത്ത് കയറിയ സംഘം മേശയിൽ സൂക്ഷിച്ചിരുന്ന മുപ്പതിനായിരത്തോളം രൂപ മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. മോഷ്ടിച്ച ബൈക്കിലായിരുന്നു സംഘത്തിന്റെ സഞ്ചാരം.
മോഷണ സംഘത്തിൽ ഉൾപ്പെട്ട ബൈജു എന്നയാളെ വടക്കേക്കര പൊലീസ് മറ്റൊരു മോഷണക്കേസുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പ് പിടികൂടിയിരുന്നു. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്. തൻസിർ പതിമൂന്ന് മോഷണക്കേസിലും മാഹിൽ നാല് കേസുകളിലും നിസാർ പോത്ത് മോഷണം ഉൾപ്പടെ നിരവധി കളവ് കേസുകളിലും പ്രതിയാണ്.
ഇൻസ്പെക്ടർ എൽ.അനിൽകുമാർ, എസ്.ഐമാരായ ജി.അനൂപ്, സി.ആർ.ഹരിദാസ് എ.എസ്.ഐ ജോൺസൻ തോമസ് സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എച്ച്.ഹാരിസ്, കെ.എം.മനോജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Post Your Comments