Latest NewsKeralaIndia

ഷാരോൺ രാജിന്റേത് അന്ധവിശ്വാസത്തെ തുടർന്നുള്ള കൊലപാതകമെന്ന് ആരോപിച്ച് കുടുംബം

ഷാരോണും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. ഇരുവരും നേരത്തെ വെട്ടുകാട് പള്ളിയിൽ വെച്ച് താലികെട്ടിയിരുന്നു

തിരുവനന്തപുരം: കാമുകി ജ്യൂസ് നൽകിയതിനെ തുടർന്ന് അവശനായി ചികിത്സയിലിരിക്കെ മരിച്ച ഷാരോൺ രാജിന്റേത് ആസൂത്രിത കൊലപാതകമെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. അന്ധവിശ്വാസത്തെ തുടർന്ന് ആസിഡ് കലർത്തിയ വെള്ളം നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം.

ചൊവ്വാഴ്ചയാണ് പാറശ്ശാല മുര്യങ്കര കുഴിവിള സ്വദേശിയും ബിഎസ്‍സി അവസാനവര്‍ഷ വിദ്യാര്‍ത്ഥിയുമായ ഷാരോൺ രാജ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം 14ന് തമിഴ്നാട് രാമവര്‍മ്മൻചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയപ്പോൾ നൽകിയ ജ്യൂസ് കുടിച്ച ശേഷം നിരവധി തവണ ഛർദ്ദിച്ച് അവശനായെന്നും ഇതാണ് മരണകാരണമെന്നുമാണ് കുടുംബത്തിന്‍റെ പരാതി.

ഷാരോണും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. ഇരുവരും നേരത്തെ വെട്ടുകാട് പള്ളിയിൽ വെച്ച് താലികെട്ടിയിരുന്നു. തുടർന്ന് സ്വന്തം വീടുകളിലാണ് ഇവർ കഴിഞ്ഞിരുന്നത്. പിന്നീട് കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു സൈനികനുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചു. സെപ്തംബറിൽ വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാലിത് നവംബറിലേ നടക്കൂവെന്നായിരുന്നു പെൺകുട്ടി പറഞ്ഞതെന്നുമാണ് ഷാരോണിന്റെ കുടുംബം ആരോപിക്കുന്നത്.

സുഹൃത്തിനൊപ്പമാണ് ഷാരോൺ കാമുകിയുടെ വീട്ടിലെത്തിയത്. കാമുകി മാത്രമായിരുന്നു അപ്പോൾ വീട്ടിൽ. ചികിത്സയുടെ ഭാഗമായി കാമുകി കൈപ്പുള്ള കഷായം കുടിക്കുന്നതിനെ കളിയാക്കിയപ്പോൾ ഷാരോണിന് കഷായം കുടിയ്ക്കാൻ നൽകി. കൈയ്ക്കുന്നുവെന്ന് പറഞ്ഞപ്പോൾ കൈപ്പ് മാറ്റാനാണ് ജ്യൂസ് നൽകിയത്. ഈ വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ തന്നെ ഷാരോൺ ഛർദ്ദിക്കുന്നുണ്ടായിരുന്നുവെന്ന് സുഹൃത്ത് പറയുന്നു. യുവാവ് വീട്ടിൽ എത്തിയ ശേഷവും ഛർദ്ദിച്ചു.

പിന്നീട് മാതാവ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഴപ്പമില്ല എന്ന് പറഞ്ഞു ആശുപത്രി യിൽ നിന്ന് വൈകുന്നേരം തിരിച്ചയച്ചു. എന്നാൽ അടുത്ത ദിവസം വായ്ക്കുള്ളിൽ വ്രണങ്ങൾ രൂപപ്പെട്ട് വെള്ളം പോലും കുടിക്കാ‍ൻ കഴിയാത്ത സ്ഥിതിയിലേക്ക് മാറി. 17ന് വീണ്ടും മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധനകളിൽ വൃക്കകളുടെ പ്രവർത്തനം കുറയുന്നതായി തെളിഞ്ഞു. അടുത്ത ദിവസങ്ങളിൽ പല ആന്തരികാവയവങ്ങളുടെയും പ്രവർത്തനം മോശമായി. ഒൻപത് ദിവസത്തിനുള്ളിൽ അഞ്ച് തവണ ഡയാലിസിസ് നടത്തി. വെന്റിലേറ്ററിലേക്കു മാറ്റി. തുടർന്നു മരിച്ചു.

പെ‍ാലീസ് അറിയിച്ചതിനെ തുടർന്ന് മജിസ്ട്രേട്ടും ആശുപത്രിയിൽ‌ മെ‍ാഴി രേഖപ്പെടുത്തിയിരുന്നു.ഒരു വർഷമായി പരിചയമുള്ള പെൺകുട്ടിയുടെ വീട്ടിൽ നിന്ന് കഷായവും ജ്യൂസും കുടിച്ചതായി യുവാവ് ബന്ധുക്കളെ അറിയിച്ചിരുന്നു. വിഷാംശം അകത്ത് ചെന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പെൺകുട്ടി വിളിച്ചതിനെ തുടർന്നാണ് ഷാരോൺരാജ് വീട്ടിലേക്കു പോയതെന്നും സൂചനകൾ ഉണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂ.

ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പാറശാല പെ‍ാലീസിനു പരാതി നൽകി. അതേസമയം, സുഹൃത്തിന്റെ വീട്ടിൽ നിന്നു നൽകിയ പാനീയം കുടിച്ച് യുവാവും അജ്ഞാതൻ നൽകിയ ജ്യൂസ് കഴിച്ച് സ്കൂൾ വിദ്യാർഥിയും മരിച്ച സംഭവങ്ങളിൽ സമാനതകൾ ഒട്ടേറെ. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ ബസ് കാത്ത് നിൽക്കവേ യൂണിഫോം ധരിച്ചെത്തിയ വിദ്യാർഥി നൽകിയ ജ്യൂസ് കഴിച്ച് അവശ നിലയിൽ ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് കളിയിക്കാവിള മെതുകമ്മൽ സ്വദേശി അശ്വിൻ (11) ന്റെ മരണം.

രണ്ട് സംഭവങ്ങളും നടന്നത് വ്യത്യസ്ത സാഹചര്യങ്ങളിൽ ആണെങ്കിലും മരണത്തിലേക്ക് എത്തിയത് ഏറെക്കുറെ ഒരേ രീതിയിൽ ആണ്. പാനീയം കുടിച്ച ആദ്യദിവസം നേരിയ അസ്വസ്ഥതകൾ അനുഭവപ്പെട്ട ഇരുവരുടെയും ആന്തരികാവയവങ്ങൾ ക്രമേണ തകരാറിലായി മരണം സംഭവിക്കുക ആയിരുന്നു. വ്യക്കകളുടെ പ്രവർത്തനം ആശുപത്രിയിൽ എത്തിച്ച ഉടൻ തന്നെ ഭാഗികമായി നിലച്ചു. ഇരു സംഭവങ്ങളിലും വായ്ക്കുള്ളിൽ വ്രണം ഉണ്ടായി ആഹാരം കഴിക്കാൻ പോലും ബുദ്ധിമുട്ട് നേരിട്ടു. ആസിഡിനു സമാനമായ ദ്രാവകം കുടിച്ചതാണ് മരണ കാരണം എന്നാണ് അശ്വിനെ ചികിത്സിച്ച ഡോക്ടർമാരുടെ വിലയിരുത്തൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button