ഇടുക്കി: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ഭക്തര്‍ക്ക് വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്ത് പരിധികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് തല സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്തു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റ് പി.എം നൗഷാദ് യോഗം ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം ഉഷ അധ്യക്ഷത വഹിച്ചു.
മണ്ഡല കാലത്ത് ഇതര സസ്ഥാനങ്ങളില്‍ നിന്നുമടക്കം ഏറ്റവും കൂടുതല്‍ അയ്യപ്പ ഭക്തര്‍ കടന്നുപോവുന്നത് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പരിധിയില്‍ കൂടിയാണ്. കൂടാതെ സത്രം കാനനപാതയിലൂടെയും അയ്യപ്പ ഭക്തര്‍ ശബരിമല ദര്‍ശനത്തിന് പോകുന്നതിനാല്‍ തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളില്‍ ഒന്നാണ് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത്. ദേശീയ പാതയില്‍ വണ്ടിപ്പെരിയാര്‍ ടൗണിലൂടെ അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ സുഗമമായി കടന്നുപോവുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനായി ടൗണിലെ ട്രാഫിക് നിയന്ത്രണം കാര്യക്ഷമമാക്കുവാന്‍ തീരുമാനിച്ചു. കൂടാതെ വഴി വിളക്ക്, ടേക് എ ബ്രേക്ക് പദ്ധതി, കുടിവെള്ളം, പ്രാഥമിക ചികില്‍സ, പാര്‍ക്കിംഗ് സംവിധാനം തുടങ്ങിയവയും ഏര്‍പ്പെടുത്താനും തീരുമാനിച്ചു. കൂടാതെ വണ്ടിപ്പെരിയാറില്‍ നിന്നും സത്രം, പുല്ല്‌മേട് തുടങ്ങിയ പ്രദേശങ്ങളിലേക്ക് അയ്യപ്പ ഭക്തരെ എത്തിക്കുന്നതിന് ഏകീകൃത ടാക്‌സി ചാര്‍ജ് ഏര്‍പ്പെടുത്തുവാനും തീരുമാനിച്ചു.
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ പീരുമേട് എം.എല്‍.എയെ പ്രതിനിധീകരിച്ച് പി.എ ഗണേശന്‍ എം, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ഡി അജിത്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡോണ്‍ ബോസ്‌കോ, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, വ്യാപാരി പ്രതിനിധികള്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments