വെള്ളറട: മരുമകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ആര്യങ്കോട് ചെമ്പൂര് താന്നിവിള വീട്ടില്‍ ഓമന (88)യാണ് മരിച്ചത്.
മകള്‍ വിമലയുടെ ഭര്‍ത്താവാണ് വയോധികയെ മർദ്ദനത്തിനിരയാക്കിയത്. മര്‍ദ്ദിക്കുകയും വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തതായി സെപ്റ്റംബര്‍ 29 ന് ആര്യങ്കോട് പോലീസില്‍ രേഖാമൂലം ഇവര്‍ പരാതിപ്പെട്ടിരുന്നു. പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികയെ വീട്ടില്‍ നിന്നിറക്കിയ ശേഷം വീടിനു മുകളിലേക്ക് സമീപത്തെ മരം മുറിച്ചിട്ട് വീട് തകര്‍ത്തതായും പരാതി നല്‍കിയിരുന്നു.
ഓമന താന്നിമൂട്ടിലെ വീട്ടിലാണ് 25 വര്‍ഷമായി താമസിക്കുന്നത്. മകന് രവീന്ദ്രന് ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങിയെത്തിച്ചും ശുശ്രൂഷിച്ചുമാണ് ഇവര്‍ കഴിഞ്ഞിരുന്നത്. മകളും മരുമകനും കഴിഞ്ഞ അഞ്ചു വര്‍ഷമായി കുടുംബമായി കാനഡയിലാണ് താമസം. ഇവര്‍ വീട്ടിലെത്തിയ ശേഷം ഓമനയോട് വീട്ടുവിട്ട് പോകണമെന്നും അനാഥാലയത്തിലെത്തിക്കാമെന്നും പറഞ്ഞ് വഴക്കിട്ടിരുന്നു.
Read Also : എസ്ബിഐ ഉപഭോക്താവാണോ? മാസംതോറും സ്ഥിര വരുമാനം ലഭിക്കാൻ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീം, കൂടുതൽ അറിയാം
29 ന് വ്യാഴാഴ്ച വീടുവിട്ടു പോകണമെന്നാവശ്യപ്പെട്ട് മരുമകന് ജപദാസ്, വീട്ടിലെ ടിവി എടുത്തു മാറ്റുകയും എതിര്‍ത്ത ഓമനയെ പിടിച്ചുതള്ളുകയും തല ചുമരിലിപ്പിടിച്ച് മര്‍ദിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. വയോധികയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരനാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ആര്യങ്കോട് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. എന്നാൽ, പരാതിയിന്മേൽ കേസെടുക്കാൻ പൊലീസ് തയാറായില്ല. സംഭവം വാര്‍ത്തയായതിനെ തുടര്‍ന്നാണ് കേസെടുത്തത്. എന്നാല്‍, മര്‍ദ്ദനം ഉണ്ടായതായി തെളിയിക്കാനുള്ള പരിക്കുകള്‍ ഓമനയുടെ ശരീരത്തില്‍ ഇല്ലെന്നും നിലവില്‍ മൊഴിയെടുക്കാന്‍ സാധിക്കാത്ത വിധത്തില്‍ അബോധാവസ്ഥയിലാണെന്നുമാണ് ആദ്യം ആര്യങ്കോട് പൊലീസ് അറിയിച്ചത്.
മര്‍ദ്ദനമേറ്റ ഓമനയെ തുടര്‍ ചികിത്സക്കായി മെഡിക്കല്‍ കോളജിൽ പ്രവേശിച്ചിരുന്നു. ഒരു മാസത്തോളമായി അബോധാവസ്ഥയിലായിരുന്ന ഇവര്‍ തിങ്കളാഴ്ചയാണ് മരിച്ചത്. മൃതദേഹം മകന് രവീന്ദ്രന് ഏറ്റുവാങ്ങി സംസ്കരിച്ചു.
Post Your Comments